കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയെന്ന സുപ്രീംകോടതി വിമര്‍ശനം അംഗീകരിച്ച ഗവര്‍ണര്‍, തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് തുറന്നടിച്ചു.
മുഖ്യമന്ത്രി നേരിട്ടുവന്നു കണ്ട് സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണ് താന്‍ പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്നും ഇത് ചട്ടലംഘനമാണെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഗവര്‍ണര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പിന്നാലെ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയും തന്നെ നേരില്‍വന്നുകണ്ട് സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഗോപിനാഥൻ രവീന്ദ്രന്‍റെ നിയമനത്തെക്കുറിച്ച് ആദ്യം മുഖ്യമന്ത്രിയുടെ നിയമോപദേശകനും പിന്നീട് മുഖ്യമന്ത്രി നേരിട്ടും വന്ന് സംസാരിച്ചു. നടപടി നിയമവിരുദ്ധമാണെന്ന് അന്നേ പറഞ്ഞതാണെന്നും എ ജിയുടെ നിർദേശം വന്നപ്പോഴാണ് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് താൻ ഒപ്പുവച്ചതെന്നും ഗവർണർ വിശദീകരിച്ചു. താൻ ചാൻസലർ സ്ഥാനത്ത് തുടർന്നാൽ വീണ്ടും പല കാര്യങ്ങളും ചെയ്യാൻ ആവശ്യപ്പെടും. അതുകൊണ്ടാണ് ആ സ്ഥാനത്ത് തുടരുന്നില്ലെന്ന് അന്നേ അറിയിച്ചത്. കണ്ണൂർ വൈസ് ചാൻസലറുടെ കാര്യത്തിൽ ബദൽ സംവിധാനം ഉടനുണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.
ഗവര്‍ണറുടെ പ്രതികരണം...
നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉത്തരവില്‍ ഒപ്പുവച്ചത്. എന്നിൽ സമ്മര്‍ദം ചെലുത്തിയത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പഴിപറയുന്നത് തെറ്റാണ്. അവരെ കരുവാക്കുകയായിരുന്നു. മുഖ്യമന്ത്രി എന്നെ നേരില്‍വന്നു കണ്ടു. കണ്ണൂര്‍ തന്റെ നാടാണന്നു പറഞ്ഞു. നിയമനകാര്യങ്ങള്‍ മുന്നോട്ടു പോകുകയാണ്, സമയമാകുമ്പോള്‍ താങ്കളുടെ അഭിപ്രായവും പരിഗണിക്കാമെന്നു പറഞ്ഞു. പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയും എന്നെ വന്നുകണ്ടു. മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ നീക്കുമെന്ന് പറഞ്ഞിട്ട് പുനര്‍നിയമനത്തിന് എന്തിനാണ് നടപടിക്രമമെന്ന് ആരാഞ്ഞു. നിയമം അങ്ങനെ ആവശ്യപ്പെടുന്നുവെന്ന് ഞാന്‍ മറുപടി നല്‍കിയപ്പോള്‍ നപടിക്രമം ആവശ്യമില്ലെന്ന് നിയമോപദദേശം ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. അഡ്വക്കേറ്റ് ജനറല്‍ ഒപ്പുവയ്ക്കാത്ത നിയമോപദേശമാണ് എനിക്ക് നല്‍കിയത്. ഇതെങ്ങനെ നിയമോപദേശമായി എടുക്കുമെന്ന് ആരാഞ്ഞപ്പോള്‍ അല്‍പ്പസമയം തരാന്‍ പറഞ്ഞ അവര്‍ പിന്നീട് എജി ഒപ്പിട്ട കത്തുമായി വന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിയല്ല എന്നെ വന്നു കണ്ടത്, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുമാണ്.