ഇരിക്കുന്ന പദവിയെ ആരിഫ് മുഹമ്മദ് ഖാന്‍ പരിഹാസ്യമാക്കരുതെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണറുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസിലായെന്നും പി രാജീവ് .
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം 'കോഴി കോട്ടുവായിട്ടത് പോലെ' എന്ന് കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ ഭരണഘടന ലംഘിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്ത് പുറത്തുവിടാന്‍ പാടില്ലെന്നും കാനം രാജേന്ദ്രന്‍.
കെ കെ രാഗേഷിനെതിരെ ഗവർണർ പറയുന്നത് ശുദ്ധ അസംബന്ധം. രാഗേഷ് പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചത്. ആർ എസ് എസ്സിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നയാളാണ് ഗവര്‍ണര്‍
വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നാടകത്തിൽ പ്രതിപക്ഷം കഥാപാത്രമല്ലെന്നും സർക്കാരും ഗവർണറും വീണ്ടും ഒന്നിക്കുമെന്നും പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെ.സുധാകരന്‍ .
ഗവർണർക്ക് മാനസിക വിഭ്രാന്തിയെന്നും ഗവർണർ പദവിയിലിരിക്കാന്‍ യോഗ്യനല്ലാത്ത അദ്ദേഹം രാജിവെക്കണമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവമായ പരാമര്‍ശമാണെന്നും സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റിയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍.
താന്‍ ചാന്‍സിലര്‍ ആയി ഇരിക്കുന്നിടത്തോളം സര്‍വകലാശാല വിഷയത്തില്‍ കൈകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം തെറ്റായിപ്പോയി. ചാന്‍സിലറായി തുടരും. താന്‍ ഗവര്‍ണറായി ഇരിക്കുന്നിടത്തോളം സ്വന്തം കേസില്‍ വിധി പറയാന്‍ ഒരാളെയും അനുവദിക്കില്ല. മുഖ്യമന്ത്രി ഇതുവരെ ചെയ്തത് അനുയായികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ. മറനീക്കി പുറത്തുവന്നതിൽ സന്തോഷമെന്ന് ഗവർണർ. സർവകലാശാല, ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്നും ഗവർണർ.
പാർട്ടി കേഡർമാരെ സംരക്ഷിക്കാൻ പൊതുജനങ്ങളുടെ പണം ഉപയോഗിക്കുന്നുവെന്ന് ഗവർണർ. പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ സംവിധാനം അവസാനിപ്പിക്കാന്‍ അധികാരമില്ലാത്തതിനാലാണ് ജനങ്ങളോട് വ്യക്തമാക്കിയത്. പേഴ്സണല്‍ സ്റ്റാഫുകളെ രാജ്ഭവനിലേക്ക് കൊണ്ടുവരരുതെന്ന് മന്ത്രിമാർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും ഗവർണർ.
ഓർഡിനൻസുകളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി ഗവർണർ. നിയമവിരുദ്ധമായ ഒരു നിയമ നിർമ്മാണത്തിലും ഒപ്പിടില്ല.
വാർത്താസമ്മേളനത്തിൽ ആർഎസ്എസിനെ അനുകൂലിച്ച് സംസാരിച്ച് ഗവർണർ. ആർ എസ് എസ് മോശം സംഘടനയാണെന്ന് കരുതുന്നുണ്ടോയെന്ന് ഗവർണർ. മോഹൻ ഭഗവതിനെ കണ്ട സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രം. മോഹൻ ഭഗവതിനെ സന്ദർശിച്ചത് സൗഹൃദത്തിന്റെ പേരിൽ . ഇനിയും സന്ദർശിക്കുമെന്ന് ഗവർണർ. ആര്‍എസ്എസ് മേധാവിയെ കണ്ടതില്‍ അസ്വാഭാവികതയില്ല. ആര്‍എസ്എസ്സുമായുള്ള ബന്ധം 1986 മുതലുള്ളതാണെന്ന് ഗവർണർ. ആർഎസ്എസു മായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രസിഡന്റിന് പരാതി നൽകട്ടെയെന്ന് ഗവർണറുടെ മറുപടി.
പ്രതിഷേധക്കാരെ തടയേണ്ട ചുമതല പോലീസിനും സുരക്ഷാ ജീവനക്കാർക്കുമാണ്. ഗവർണർ പോകാതെ ആർക്കും വേദിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. ഈ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടു. കെകെ രാഗേഷ് സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു. പ്രതിഷേധക്കാരുടെ ഇടയിലേക്ക് പോകേണ്ട കാര്യം രാഗേഷിനില്ല
തന്നെ ആക്രമിക്കാന്‍ ഇര്‍ഫാന്‍ ഹബീബ് ശ്രമിച്ചു. തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഇർഫാൻ ഹബീബ് തനിക്ക് നേരെ വരുമ്പോൾ അത് ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടെയെന്ന് ഗവർണർ.
2019 ലെ വിഷയം എന്ത് കൊണ്ട് ഇപ്പോൾ ഉയർത്തുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്രിമിനൽ കേസുകൾക്ക് സമയ പരിധി ഇല്ലെന്ന് ഗവർണറുടെ മറുപടി. കണ്ണൂരിൽ ഉന്നയിച്ച സമ്മർദതന്ത്രം ഇപ്പോഴും പ്രയോഗിക്കുന്നതിനാലാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ശാരീരികമായ ആക്രമണത്തിനാണ് ശ്രമം നടന്നത് എന്നതില്‍ ഉറച്ച് നില്‍ക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് ഗവര്‍ണര്‍. വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗവര്‍ണരുടെ അസാധാരണ നടപടി. വാര്‍ത്താ സമ്മേളനം ഒരു മണിക്കൂറിലധികം നീണ്ടു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഗവര്‍ണറും സര്‍ക്കാരും പരസ്യമായി ഏറ്റുമുട്ടുന്നത്.
കണ്ണൂരിലുണ്ടായ സംഭവങ്ങളെ കുറിച്ച് രാജ്ഭവൻ ആവശ്യപ്പെട്ട റിപ്പോർട്ടിൽ വിസി പറഞ്ഞത് സുരക്ഷാ വിദഗ്ദനല്ല താനെന്നാണ്. ഇത് ഗൂഢാലോചനയാണ്. അതിനാലാണ് പ്രതികരിച്ചതെന്ന് ഗവർണർ.
മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ലെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രി പറഞ്ഞതു പോലെ കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് പറയാൻ തന്റെ ജനാധിപത്യ ബോധ്യം അനുവദിക്കില്ലെന്ന് ഗവർണറുടെ പരിഹാസം. ഒരു മാധ്യമങ്ങളെയും വിളിച്ചു വരുത്താറില്ല. വരുന്ന മാധ്യമങ്ങളോട് സംസാരിക്കുന്നത് അവർ ജനാധിപത്യത്തിന്റെ നാലാം തൂണായതു കൊണ്ടാണ്. മൈക്ക് കണ്ടാല്‍ പ്രതികരിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനാണ് ഗവർണറുടെ മറുപടി. വിയോജിക്കുന്നവരെ സർക്കാർ നിശബ്ദരാക്കുന്നുവെന്ന് ഗവർണർ.
സമ്മര്‍ദ്ദം തുടര്‍ന്നതോടെ ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന് കത്ത് നല്‍കി. രണ്ട് വട്ടം ചാൻസിലർ പദവി ഒഴിയാമെന്ന് അറിയിച്ചെങ്കിലും തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാരിന്റെ ഉന്നത ഉദ്യേഗസ്ഥൻ നേരിട്ടെത്തിയും തുടരാൻ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ സർക്കാരിന്റെയും മറ്റ് രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി 2022 ജനുവരി 13 ന് മുഖ്യമന്ത്രി കത്തയച്ചു.
കണ്ണൂര്‍ വി സി യുടെ പുനര്‍ നിയമനം മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍. അനുമതി നൽകിയത് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിൽ എത്തി ആവശ്യപ്പെട്ടതിനാൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കയച്ച കത്തുകളും പുറത്തു വിട്ടു. കഴിഞ്ഞ ഡിസംബര്‍ എട്ടിനും പതിനാറിനും മുഖ്യമന്ത്രി എഴുതിയ കത്തുകളാണ് പുറത്തുവിട്ടത്.
പ്രതിഷേധിച്ചത് കേരളത്തിന് പുറത്ത് നിന്നുള്ളവരെന്ന് ഗവർണർ. ജാമിയാ മിലിയ, ജെ എൻ യു എന്നിവിടങ്ങളിൽ നിന്നും പ്രതിഷേധക്കാരെത്തി. ആക്രമണം ആസൂത്രിതമായിരുന്നു. നടന്നത് സ്വാഭാവിക പ്രതിഷേധമായിരുന്നില്ല. പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമായാണ് എത്തിയത്. പത്ത് മിനിറ്റ് കൊണ്ട് പ്ലക്കാർഡുകൾ ഉണ്ടാക്കാനാകില്ലെന്നും ഗവർണർ. രാജ്ഭവനെ നിയന്ത്രിക്കാന്‍ വരേണ്ടെന്ന് ഗവര്‍ണര്‍.
മോശം പെരുമാറ്റത്തിന് വിമാന കമ്പനി വിലക്കിയ മുന്നണി കണ്‍വീനര്‍ ഉള്ള നാടാണിതെന്ന് ഗവർണർ. രാജ്യത്തിന്റെ അഖണ്ഡതയെ മുന്‍ എംഎല്‍എ ആയ ജലീല്‍ ചോദ്യം ചെയ്തു. ജലീലിൻ്റേത് പാകിസ്താൻ ഭാഷ. ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശത്തെക്കുറിച്ചാണ് വിമര്‍ശനം.
ചരിത്ര കോണ്‍ഗ്രസിലെ വിവാദ ഉദ്ധരണി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍.
കെ കെ രാഗേഷിനെതിരെ വിമർശനവുമായി ഗവർണർ. വേദിയിലായിരുന്ന രാഗേഷ് എന്തിന് അങ്ങോട്ട് വന്നു. താൻ സംസാരിക്കുമ്പോൾ രാഗേഷ് വേദിയിലായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച പൊലീസിനെ തടഞ്ഞത് രാഗേഷെന്നും ഗവർണർ. അതിനായിരിക്കാം അദ്ദേഹത്തിന് പ്രതിഫലം നൽകുന്നതെന്ന് ഗവർണറുടെ വിമർശനം.
ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങള്‍ സ്ക്രീനിൽ പ്രദര്‍ശിപ്പിക്കുന്നു.ഗവർണർ തെളിവാക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ പിആർഡി ചിത്രീകരിച്ച ദൃശ്യങ്ങൾ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ ഉന്നമിട്ട് ഗവര്‍ണര്‍.
രാഷ്ട്രപതിയെയും ഗവര്‍ണറെയും കൈയ്യേറ്റം ചെയ്താല്‍ സ്വമേധായ കേസെടുക്കാമെന്ന് ഗവര്‍ണര്‍. ഐപിസി 124-ാം വകുപ്പ് വിശദീകരിച്ച് ഗവർണർ. ഗവർണറെ തടഞ്ഞാൽ ഏഴ് വർഷം തടവും പിഴയും ശിക്ഷയെന്ന് ഗവർണർ. അന്നത്തെ ആക്രമണത്തിന് സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു .കേസെടുക്കുന്നത് തടഞ്ഞത് ഇപ്പോള്‍ സര്‍ക്കാരിലുള്ള ഉന്നതനെന്നും ആരിഫ് മുഹമ്മദ് ഖാൻ.
എന്തുകൊണ്ട് വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നുവെന്ന് പിന്നീട് പറയാമെന്ന് ഗവര്‍ണര്‍.
മുഖ്യമന്ത്രിക്കെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു
മുഖ്യമന്ത്രിക്കെതിരായ വീഡിയോകൾ പ്രദർശിപ്പിക്കാൻ സ്ക്രീനുകളടക്കം വൻ സന്നാഹം. രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനത്തിനായി ഒരുക്കിയ ഹാളില്‍ പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ വലിയ നിര. ദേശീയ മാധ്യമങ്ങളും ക്യാമ്പ് ചെയ്തു.
ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഗവർണറുടെ വാർത്താസമ്മേളനത്തിന് മുൻപ് അനുനയ നീക്കം നടത്താനായിരുന്നു കൂടിക്കാഴ്ച.
ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണും. വാര്‍ത്താസമ്മേളനത്തിന് മുന്‍പ് പതിനൊന്ന് മണിക്കാണ് കൂടിക്കാഴ്ച. ലഹരി വിരുദ്ധ ക്യാംപയിന് ക്ഷണിക്കാനെന്ന് വിശദീകരണം.
11.45നാണ് രാജ് ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള നിര്‍ണ്ണായക തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ചിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമമന്ത്രി പി രാജീവ്. ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഗവര്‍ണരുടേത് അസാധാരണ നടപടി. സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാന്‍സലര്‍ക്കുള്ളൂവെന്നും പി രാജീവ്.
ഗവർണർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിക്കുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യം. ഗവർണറുടെ അസാധാരണ നീക്കം ഉറ്റുനോക്കി കേരളം.
ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ പോലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലമെന്ന് ഗവർണർ. സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഗവർണർ.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു.
കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള നടപടിയിലും ചരിത്ര കോൺഗ്രസിലെ സംഘർഷത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച നിര്‍ണായക ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് ഗവർണർ. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ പുറത്തു വിടാൻ ഗവർണറുടെ വാർത്താ സമ്മേളനം രാവിലെ 11.45 ന്.