മുഖ്യമന്ത്രി പിണറായി വിജയന്‍വിജയന്‍ 
KERALA

'നിയമനം ചട്ടവിരുദ്ധമെങ്കില്‍ ഉത്തരവാദി ഗവർണർ'. ആദ്യം ഒഴിയേണ്ടത് വി സിമാരോയെന്ന് ഗവർണറോട് മുഖ്യമന്ത്രിയുടെ ചോദ്യം

ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിക്ക് യോഗ്യനോയെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

സർവകലാശാല വി സി നിയമന തർക്കത്തില്‍ ഗവർണറെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈസ് ചാൻസലർ നിയമനം ചട്ടവിരുദ്ധമെങ്കില്‍ ഉത്തരവാദി ഗവർണറാണ്. അങ്ങനെയെങ്കില്‍ ആദ്യം ഒഴിയേണ്ടത് വി സിമാരാണോയെന്ന് പിണറായി വിജയൻ ചോദിച്ചു.

കെടിയു വൈസ് ചാൻസലർ നിയമനത്തിലെ സുപ്രീം കോടതി വിധിയുടെ മറപിടിച്ചാണ് ഒൻപത് വൈസ് ചാൻസലർമാരോട്   ഏകപക്ഷീയമായി രാജി വെക്കാൻ  ആവശ്യപ്പെട്ടിരിക്കുന്നത്.  അക്കാദമിക മികവിൻ്റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സർവ്വകലാശാലകൾക്ക് നേരെ  നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്. എന്തിനു വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങൾ അല്ലാതെ മറ്റെന്താണ് ഇതിനു പിന്നിലെന്നും പിണറായി വിജയൻ ചോദിച്ചു. ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന്  കരുതരുത്. ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണതെന്നും പിണറായി വിജയൻ പറഞ്ഞു.

കെടിയു വൈസ് ചാൻസലർക്ക് അക്കാദമിക് യോഗ്യതയില്ലെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടില്ല. നടപടിക്രമത്തിലെ ഒരു പ്രശ്നം മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതിൽ തന്നെ ഹൈക്കോടതിയിലെ തർക്ക വിഷയമായിരുന്നില്ല ഈ കേസിൽ സുപ്രീം കോടതി പരിഗണിച്ചത്. ആ വിധിയിൽ പുനഃ പരിശോധനാ ഹർജി നൽകാൻ ഇനിയും അവസരവുമുണ്ട്.  എന്നാൽ, സംസ്‌ഥാനത്തെ സർവ്വകലാശാലാഭരണത്തെയാകെ  അസ്‌ഥിരപ്പെടുത്താൻ ഈ സാഹചര്യത്തെ ഉപയോഗിക്കുകയാണ് ചാൻസലർ ചെയ്യുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ  ഇടപെടലിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ട്. വൈസ് ചാൻസലർമാരുടെ വാദം പോലും കേൾക്കാതെയാണ് ചാൻസലറുടെ ഭാഗത്തു നിന്നുള്ള  ഏകപക്ഷീയമായ നീക്കം. ചാൻസലർക്ക് വൈസ് ചാൻസലർമാരെ പിരിച്ച് വിടാനുള്ള അധികാരമില്ല. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ്. സുപ്രീംകോടതി വിധി സാങ്കേതിക സർവകലാശാലയില്‍ മാത്രമാണ് ബാധകം. മറ്റ് സർവകലാശാലകളെ ഇത് ബാധിക്കില്ല. ഫണ്ട് ദുരുപയോഗം , മോശം പെരുമാറ്റം എന്നീ കാര്യങ്ങളില്‍ മാത്രമാണ് ഗവർണർക്ക് വി സിയെ നീക്കാനാകുകയൊള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലകള്‍ മോശമാണെന്ന് പറയുന്ന വ്യക്തി ചാന്‍സലര്‍ പദവിക്ക് യോഗ്യനാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സംഘ പരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റുകയെന്നതാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ലക്ഷ്യം.അത് കേരളത്തിൽ നടക്കില്ല.ജനാധിപത്യത്തിലൂടെ കൈവന്നതല്ല ഗവർണറുടെ അധികാരമെന്ന് മനസിലാക്കണം.ജനാധിപത്യത്തിന് മുകളിലല്ല നോമിനേറ്റഡ് പദവികളിലുള്ള സംവിധാനങ്ങളെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സർക്കാരിനെതിരെയല്ല, ഇത് സംസ്ഥാനത്തിന് എതിരെയുള്ള നീക്കമാണ്. പിൻവാതില്‍ ഭരണം നടത്താമെന്ന് കരുതേണ്ടെന്നും ഗവർണറോട് പിണറായി വിജയൻ പറഞ്ഞു.

ഗവർണർ സ്ഥാനത്തിരിക്കുന്ന വ്യക്തി പത്രസമ്മേളനം നടത്തിയും, പൊതുയോഗങ്ങളിലും മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാമൂല്യങ്ങൾക്ക് ചേരുന്നതാണോ? ഇതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. വിവരമില്ലാത്തവനെന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാർക്കിടാൻ ഗവർണമാർക്ക് ആരും അധികാരം നൽകിയിട്ടില്ല. ഒരു വൈസ് ചാൻസലറുടെ ശാസ്ത്രമേഖലയിലെ ഭാഷാപരിജ്ഞാനത്തെ പറ്റി അദ്ദേഹം രൂക്ഷപരിഹാസം ചൊരിയുകയുണ്ടായി. മറ്റൊരു വൈസ് ചാൻസലറെ ക്രിമിനലെന്ന് വിളിച്ചു. അറിയപ്പെടുന്ന രാജ്യം ആദരിക്കുന്ന  അക്കാദമിക് പണ്ഡിതനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചു. അങ്ങനെയുള്ള മഹനീയവ്യക്തിത്വം മന്ത്രിമാരെയും അധിക്ഷേപിക്കാൻ മടിക്കില്ല. അതിൽ ആശ്ചര്യമൊന്നുമില്ല. എന്നാൽ ഒരു ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നതിനാൽ ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാൻസലർ സ്ഥാനം ജനാധിപത്യ വ്യവസ്ഥ കനിഞ്ഞു നൽകിയ ഉദാരതയാണ്. ആ വ്യവസ്ഥയ്ക്ക് എപ്പോഴും തിരിച്ചെടുക്കാവുന്നതേയുള്ളു അത്. തുടരെ ജനാധിപത്യത്തിനും സർവകലാശാലയുടെ സ്വയംഭരണാധികാരത്തിനും നേർക്കു കടന്നുകയറിയിട്ടും അതു തിരിച്ചെടുക്കാതിരിക്കുന്നെങ്കിൽ അത് ഉയർന്ന ഉദാര മാനാഭാവം കൊണ്ടു മാത്രമാണ്. ഭയം കൊണ്ടല്ല. കടന്നുകയറ്റശ്രമങ്ങളെ അക്കാദമിക് സമൂഹവും പൊതു ജനാധിപത്യ സമൂഹവും നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ