KERALA

നയപ്രഖ്യാപന പ്രസംഗമുണ്ടായേക്കും; പ്രസംഗം തയ്യാറാക്കാന്‍ അഡീ. ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭാ നിർദേശം

ദ ഫോർത്ത് - തിരുവനന്തപുരം

നിയമസഭയുടെ അടുത്ത സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടായേക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാന്‍ മന്ത്രിസഭ നിർദേശം നല്‍കി. പ്രസംഗത്തിലേക്ക് ആവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെയാണ് ചുമതലപ്പെടുത്തിയത്. നയപ്രഖ്യാപനം ബജറ്റിന് മുൻപോ ശേഷമോയെന്ന് പിന്നീട് തീരുമാനിക്കും. ജനുവരിയില്‍ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

സഭാ സമ്മേളനം കഴിഞ്ഞ് സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നു എന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചാലും അത് നിലവില്‍ വരണമെങ്കില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യം ഗവര്‍ണറെ രേഖാമൂലം അറിയിക്കണം. അപ്പോള്‍ മാത്രമേ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്നുള്ള വിജ്ഞാപനം രാജ്ഭവന് പുറപ്പെടുവിക്കാനാവുകയുള്ളൂ. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ രേഖാമൂലം അറിയിപ്പ് നല്‍കാതെ താത്കാലികമായി പിരിയുന്നു എന്ന രീതിയില്‍ മുന്നോട്ട് പോകാം എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.

ജനുവരിയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ നിലവിലെ സമ്മേളനത്തിന്റെ തുടര്‍ച്ചയെന്നോണം സഭ ചേരാം. അങ്ങനെ തുടര്‍ച്ചയെന്നുള്ള ഒരു സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം വേണമെന്ന് നിര്‍ബന്ധമില്ല. ഇതാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിന് പിന്നിലുള്ള സാങ്കേതിക കാര്യം.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് തുടരുന്നതിനിടെയാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടി

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള നടപടികളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് തുടരുന്നതിനിടെയാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടി. ഗവര്‍ണര്‍ക്കെതിരായ ബില്ലിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഈ സര്‍ക്കാരിന്റെ നയം എങ്ങനെയാണ് ഗവര്‍ണര്‍ പ്രഖ്യാപിക്കുകയെന്നതും ചോദ്യമാണ്. കഴിഞ്ഞ തവണ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവര്‍ണര്‍ രാംദുലാരി സിന്‍ഹയുമായി ഇടഞ്ഞപ്പോഴാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ ആദ്യമായി തീരുമാനിച്ചത്. തല്‍ക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവര്‍ണറെ മാറ്റിനിര്‍ത്താനാവില്ല. ചട്ട പ്രകാരം വരുന്ന വര്‍ഷം എപ്പോള്‍ സഭ പുതുതായി ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?