KERALA

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഏഴംഗ സംഘത്തെ നിയോഗിച്ചു, നീക്കം സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ

വെബ് ഡെസ്ക്

സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ച് സര്‍ക്കാര്‍. ഇതിനായി ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൊഴി ലഭിച്ചാൽ കേസ് എടുത്ത് തുടരന്വേഷണം നടത്തും.

പരാതി ലഭിക്കാതെ അന്വേഷണം ഇല്ലെന്നായിരുന്നു നേരത്തെ സർക്കാരിന്റെ നിലപാട്. എന്നാൽ ആരോപണങ്ങളിലും പ്രതിഷേധങ്ങളിലും സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഡിജെപിയുമായി ചർച്ച നടത്തി.

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വിഷയത്തെ സംബന്ധിച്ച് നേരത്തെ പോലീസ് നിയമോപദേശം തേടിയിരുന്നു.അങ്ങനെ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്. ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. എസ്. അജീത ബീഗം, മെറിന്‍ ജോസഫ് - എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്‌സ്, ജി. പൂങ്കുഴലി - എഐജി, കോസ്റ്റല്‍ പോലീസ്, 5. ഐശ്വര്യ ഡോങ്ക്‌റെ - അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. അജിത്ത് .വി - എഐജി, ലോ&ഓര്‍ഡര്‍, 7. എസ്. മധുസൂദനന്‍ - എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.

മാധ്യമങ്ങളിലൂടെയും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച സ്ത്രീകളെ ബന്ധപ്പെട്ട് മൊഴികൾ സംഘം ശേഖരിക്കും. ഇവർ മൊഴിയിൽ ഉറച്ച് നിൽക്കുകയും പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്‌താൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടരന്വേഷണം നടത്തുകയും ചെയ്യും. മറ്റു പരാതികൾ ഉള്ളവർക്കും സംഘത്തെ സമീപിക്കാം.

നടപടിയിൽ പ്രതീക്ഷയുണ്ടെന്ന് ഡബ്ള്യുസിസി അംഗം ദീദി ദാമോദരൻ പ്രതികരിച്ചു. പ്രതീക്ഷ വയ്ക്കുകയല്ലാതെ വേറെ വഴിയില്ല. കൃത്യമായ നടപടിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇനിയും വൈകിക്കരുത്. മൊഴി നൽകാൻ വീണ്ടും പോകേണ്ട അവസ്ഥ സങ്കടകരമെന്നും ദീദി ദാമോദരൻ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും