ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പോലീസ് മേധാവിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിയെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
അതേസമയം, കൊടകരയിലെ കുഴല്‍പ്പണത്തിന്റെ ഉറവിടം കരുതപ്പെടുന്ന ബിജെപി നേതാവും കര്‍ണാടക എംഎല്‍സിയും ആയിരുന്ന ലഹര്‍ സിങ് സിരോയ ആണെന്നാണ് കേരളാ പോലീസിന്റെ റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നല്‍കിയ റിപ്പോര്‍ട്ടിലാണ് ലഹര്‍ സിങ്ങിന്റെ പേരുള്ളത്.
ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്. 2010 മുതല്‍ 2022 വരെ എംഎല്‍സിയായിരുന്നു ലഹര്‍ സിങ്.
ഈ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതിയുടെ അനുമതി കൂടി വാങ്ങിയാകും തുടരന്വേഷണം നടത്തുക. അതിന് മുന്‍പ് വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂര്‍ സതീശന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സതീശന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന തെളിവുകള്‍ കൂടി സമാഹരിച്ച് കൊണ്ടാകും തുടരന്വേഷണത്തിന് വേണ്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന ഭീതിയിലാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല. ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്‌ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കുമെന്നും സുരേന്ദ്രന്‍.