ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്ന കെഎസ്ആര്‍ടിസിക്ക് താത്ക്കാലിക ആശ്വാസമായി 20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. തുക ബുധനാഴ്ചയോടെ കെ എസ് ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തും. അതുവരെ സര്‍വീസ് നിയന്ത്രണം തുടരേണ്ടി വരും. സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതേസമയം വിപണി നിരക്കിൽ കെഎസ് ആർടിസിക്ക് ഡീസൽ നൽകാനാവില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഐഒസി നിലപാട് ആവർത്തിച്ചത്.
20 കോടി ലഭിക്കുന്നതോടെ ബുധനാഴ്ചയോടെ സര്‍വീസുകള്‍ സാധാരണ രീതിയിലായെക്കുമെന്നാണ് പ്രതീക്ഷ
ഡീസല്‍ ലഭിക്കാതായതോടെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് കെ എസ് ആര്‍ ടി സി. ഇന്നലെ 50 ശതമാനത്തോളം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച കെഎസ്ആര്‍ടിസി ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. 20 കോടി ലഭിക്കുന്നതോടെ ബുധനാഴ്ചയോടെ സര്‍വീസുകള്‍ സാധാരണ രീതിയിലായെക്കുമെന്ന് പ്രതീക്ഷ. വന്‍ തുക കുടിശികയായതോടെ, ഡീസല്‍ നല്‍കാനാവില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.
സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്ന നിലപാട് ഐഒസി ആവർത്തിച്ചത്. ഡീസല്‍ വാങ്ങിയ ഇനത്തില്‍ ഇതുവരെ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്ന് ഐഒസി കോടതിയെ അറിയിച്ചു. ഇതില്‍ 123.36 കോടി രൂപ ഡീസല്‍ വാങ്ങിയ ഇനത്തിലും 16.61 കോടി രൂപ പലിശയിനത്തിലുമാണ്.
അനാവശ്യമായ ഹര്‍ജി ഫയല്‍ ചെയ്ത് കോടതിയുടെ സമയം കളഞ്ഞതിന് പിഴ ഈടാക്കണമെന്നും ഐഒസി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
കരാറിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് എന്നും തര്‍ക്കപരിഹാരം ആര്‍ബിട്രേഷനിലൂടെ ആണ് നടത്തേണ്ടതെന്നുമാണ് ഐഒസിയുടെ നിലപാട്. അതിനാല്‍ കോടതിക്ക് വിലനിര്‍ണയത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ഐഒസി പറയുന്നു. അനാവശ്യമായ ഹര്‍ജി ഫയല്‍ ചെയ്ത് കോടതിയുടെ സമയം കളഞ്ഞതിന് പിഴ ഈടാക്കണമെന്നും ഐഒസി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.