ബ്രഹ്മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍. തീപിടുത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തിലുള്ള വീഴ്ചയാണെന്ന് ട്രിബ്യൂണലിന്റെ വിമർശനം. വേണ്ടിവന്നാല്‍ സര്‍ക്കാരിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. അതേസമയം, വിഷയത്തില്‍ വിശദീകരണം നല്‍കിയ സംസ്ഥാന സർക്കാർ ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള ജൈവമാലിന്യങ്ങളുടെ വരവ് കുറയ്ക്കുമെന്നും പ്ലാസ്റ്റിക് മാലിന്യം ഇനി എത്തിക്കില്ലെന്നും ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.
അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. നേരത്തേ സാഹചര്യം വിശദീകരിച്ച് റിപ്പോർട്ട് നല്‍കാൻ ട്രിബ്യൂണല്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തീ അണച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനം സത്യവാങ്മൂലം നല്‍കുകയായിരുന്നു.
പന്ത്രണ്ട് പേജുകളുള്ള സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്. ഇപ്പോഴുള്ള കമ്പോസ്റ്റ് പ്ലാന്റ് അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാൻ കൊച്ചിൻ കോർപ്പറേഷൻ ശ്രമിക്കുമെന്നും എല്ലാം ഉടൻ ശരിയാകുമെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.