KERALA

ജാമ്യമെടുക്കാന്‍ തയ്യാറായില്ല; ഗ്രോ വാസു ജയിലില്‍ തുടരും

ദ ഫോർത്ത് - കോഴിക്കോട്

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ ഈ മാസം 25 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. 2016 നവംബറില്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിലായിരുന്നു ഗ്രോ വാസുവിനെതിരായ കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുമ്പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാഴ്ചയായി റിമാന്‍ഡിലായിരുന്നു ഗ്രോ വാസു.

കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗ്രോ വാസുവിന് സ്വന്തം ജാമ്യം അനുവദിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇന്നും സമാനമായ നിലപാടാണ് ഗ്രോ വാസു കോടതിയില്‍ സ്വീകരിച്ചത്. മറ്റ് പ്രതികള്‍ പിഴ അടച്ച് കേസില്‍ നിന്നൊഴിവായത് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും അതിന് തയ്യാറല്ലെന്ന് ഗ്രോ വാസു പറഞ്ഞു. എട്ടുപേരെ വെടിവച്ച് കൊന്നിട്ട് ഒരു കേസ് പോലുമില്ലാതിരിക്കുകയും അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നാണ് ഗ്രോ വാസുവിന്റെ വാദം. അഭിഭാഷകന്‍ വേണ്ടെന്ന മുന്‍നിലപാടും ഗ്രോ വാസു കോടതിയില്‍ ആവര്‍ത്തിച്ചു.

കോടതിക്കെതിരെയല്ല മറിച്ച് ഭരണകൂടത്തിന്റെ ഇരട്ടനീതിക്കെതിരായാണ് തന്റെ പോരാട്ടമെന്ന് ഗ്രോ വാസു പ്രതികരിച്ചു. ഭരണകൂടം ജനങ്ങളെ അടിമകളാക്കിയിരിക്കുകയാണ്. പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റല്ല, ഏറ്റവും വലിയ കോര്‍പ്പറേറ്റാവാനാണ് ശ്രമിക്കുന്നതെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ ഇതിന് വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് കുന്ദമംഗലം കോടതിയില്‍ നേരിട്ട് ഹാജരാക്കുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും