പഞ്ചനക്ഷത്ര പരിശീലനം പരിചയാക്കി നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിൽ സംസ്ഥാന ചരക്ക്, സേവന നികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്. എറണാകുളത്തും സമീപത്തെ ആറ് ജില്ലകളിലുമുള്ള നൂറിലധികം കേന്ദ്രങ്ങളിൽ വ്യാജ ജി എസ് ടി ബില്ലുകൾക്കെതിരെയുള്ള പരിശോധന ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ഉച്ചയോടെ 250 കോടി രൂപയുടെയെങ്കിലും നികുതി വെട്ടിപ്പ് കണ്ടുപിടിച്ചുവെന്നാണ് റെയ്‌ഡിൽ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
സംസ്ഥാന നികുതി ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധനയാണ് 'ഓപ്പറേഷൻ പാം ട്രീ' എന്ന പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒന്നിച്ചുനടന്നുകൊണ്ടിരിക്കുന്ന ഈ പരിശോധനയിലൂടെ 1500 കോടി രൂപയുടെ ആക്രി വ്യാപാരത്തിൻ്റെ വ്യാജ ബില്ലുകൾ നിർമിച്ചതായി കണ്ടെത്താനായെന്ന് അറിയുന്നു. ഇതിലൂടെ 250 കോടി രൂപയോളം ജി എസ് ടി വെട്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. റെയ്ഡ് തുടരുന്നതിനാൽ ഈ തുക ഇനിയും വർധിക്കാൻ ഇടയുണ്ട്.
തിങ്കളാഴ്ചയാണ് സംസ്ഥാന ജി എസ് ടി വകുപ്പ് 310 ഉദ്യോഗസ്ഥർക്ക് ഒരുമിച്ച് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിൽ ആറു ദിവസത്തെ പരിശീലനം ആരംഭിക്കുന്നത്. സമീപത്തെ ഫോർ പോയിന്റ്സ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഈ ഉദ്യോഗസ്ഥർക്കെല്ലാം താമസം ക്രമീകരിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിൽ പഞ്ഞകാലത്ത് നികുതി വകുപ്പിന്റെ പരിശീലനമെന്ന പേരിലുള്ള ഈ ഉദ്യമത്തിനെതിരെ രണ്ടു ദിവസമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നിരുന്നു.
എന്നാൽ 300 ജി എസ് ടി ഉദ്യോഗസ്ഥരെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങൾക്ക് ഒരു സംശയവും തോന്നാത്ത വിധം വിന്യസിക്കാനായിരുന്നു പരിശീലനമെന്ന മറയെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇന്ന് രാവിലെ ഒരേ സമയം നൂറിലധികം കേന്ദ്രങ്ങളിൽ ആരംഭിച്ച പരിശോധനയെപ്പറ്റി ഒരു വിവരവും വെട്ടിപ്പുകാർക്കു ചോർന്നുകിട്ടിയിരുന്നില്ല.
റെയ്‌ഡ് നടക്കുന്ന പല കേന്ദ്രങ്ങളും വൻകിട ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ടവയാണെന്ന് അറിയുന്നു. വൻകിട കേന്ദ്രീകൃത സംവിധാനം ആക്രിക്കച്ചവടത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പൂർണമായും വ്യാജ ബില്ലുകൾ അടിസ്ഥാനമാക്കിയാണ് കോടികളുടെ കച്ചവടം ഇവർ നടത്തുന്നത്. “വെട്ടിപ്പ് തെളിവ് സഹിതം പിടികൂടുന്നതിനാൽ പിഴ ഉൾപ്പെടെ അടക്കേണ്ട നികുതി ഈടാക്കാൻ നോട്ടീസ് നൽകുകയാണ് അടുത്ത പടി. സംശയമുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ മരവിപ്പിക്കാനും നടപടി സ്വീകരിക്കും,” ഒരു ഉദ്യോഗസ്ഥൻ ‘ദ ഫോർത്തി’നോട് പറഞ്ഞു.
ജി എസ് ടി വകുപ്പിന്റെ പരിശീലനത്തിനായി സംസ്ഥാന ധനകാര്യ വകുപ്പ് 47 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. താമസത്തിനു മാത്രം 38 ലക്ഷം രൂപ ചെലവുണ്ട്. വിദഗ്ധരെ മറ്റു സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ജി എസ് ടി വകുപ്പിൽനിന്നും എത്തിച്ച് സജീവ പരിശീലനമാണ് മൂന്നു ദിവസം നടത്തിയത്.