പാലക്കാടിന്റെ ധോണി മേഖലയെ വിറപ്പിച്ച കാട്ടാന പിടി 7 ന്റെ ശരീരത്തില്‍ നാടന്‍ തോക്കില്‍ നിന്നും വെടിയേറ്റിരുന്നതായി കണ്ടെത്തല്‍. നിലവില്‍ കൂട്ടില്‍ കഴിയുന്ന ആനയുടെ ശരീരത്തില്‍ നിന്നു 15 ഓളം പെല്ലറ്റുകള്‍ കണ്ടെത്തി. വനം മന്ത്രി എകെ ശശീന്ദ്രനും ആനയ്ക്ക് വെടിയേറ്റിരുന്നതായി സ്ഥീരീകരിച്ചു. കോഴിക്കോട് റിപ്പബ്ലിക്ക് ദിനപരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
പിടി 7 എന്ന ധോണിയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റാണെന്നും, വന്യജീവികളെ പ്രകോപിപ്പിക്കുമ്പോഴാണ് പ്രതികാരബുദ്ധിയോടെ അവർ പ്രതികരിക്കുന്നത്. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ധോണി വനം ഡിവിഷന് സമീപത്തുള്ള കൂട്ടില്‍ കഴിയുന്ന ധോണിയുടെ ആരോഗ്യനില ഡോക്ടർമാര്‍ നിരീക്ഷിച്ച് വരികയാണ്. ആന ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി കാടിറങ്ങുന്ന സംഭവം പതിവാകുകയും, വനം വകുപ്പിനെതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വനംവകുപ്പ് ജീവനക്കാർ പലപ്പോഴും കാൾ അറ്റൻഡ് ചെയ്യാറില്ല എന്ന പരാതി ഉയരുന്നുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. ഇടുക്കിയിൽ കാട്ടാനശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാടിറങ്ങുന്ന ആനകൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കാതെ നോക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.