കൊച്ചി മരടിലെ ബാര്‍ ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്. കൊല്ലം സ്വദേശി റോജന്‍, സുഹൃത്തായ അഭിഭാഷകന് ഹറോള്‍ഡ് എന്നിവരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. റോജന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ഇന്ന് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തും. അതേസമയം, എന്ത് സാഹചര്യത്തിലാണ് വെടിയുതിര്‍ത്തത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മരട് ഓജീസ് കാന്താരി ഹോട്ടലിലാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വെടിവെപ്പുണ്ടായത്. മദ്യപിച്ച് പുറത്തിറങ്ങുന്നതിനിടെ റോജന്‍ ഹോട്ടലിന്റെ ഭിത്തിയിലേക്ക് വെടിവെയ്ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവം നടന്ന ശേഷം ബാര്‍ ഹോട്ടല്‍ ഉടമയും ജീവനക്കാരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് പോലീസ് ബാറിലെത്തുകയായിരുന്നു. പോലീസ് ഇടപെടലിനെ തുടര്‍ന്നാണ് ഉടമ പരാതി നല്‍കിയത്.
വെടിയുതിര്‍ത്ത റോജന്‍ മറ്റൊരു കേസില്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയതാണ്. സുഹൃത്തായ അഭിഭാഷകന് ഹറോള്‍ഡ് ആണ് ഇയാളെ ജാമ്യത്തിലെടുത്തത്. ജാമ്യം ലഭിച്ച സന്തോഷം പങ്കിടാനായാണ് ഇരുവരും ബാറിലെത്തിയത്.