തിരുവനന്തപുരം കാരക്കോണത്ത് പോലീസിന് നേരെ ഗുണ്ടാക്രമണം. വെളളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാർ, സിപിഒ അരുൺ, ഡ്രൈവർ എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഓണാഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുണ്ടാസംഘം പോലീസിന്റെ യൂണിഫോം വലിച്ചുകീറുകയും ലാത്തി ഒടിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പ്രദേശം സംഘർഷ ഭരിതമായതിനെ തുടർന്നാണ് രാത്രി പട്രോളിംഗിന്റെ ഭാഗമായി രണ്ടംഗ പോലീസ് സംഘം സ്ഥലത്തെത്തിയത്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട സംഘത്തിൽ നിന്നും രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ജീപ്പിൽ കയറ്റുന്നതിനിടെയാണ് മറ്റുളളവർ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.
അക്രമികള്‍ മദ്യപിച്ചിരുന്നുവെന്നും ലാത്തി തല്ലിയൊടിക്കുകയും പരുക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പരുക്കേൽപ്പിച്ചതിനും ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന രണ്ട് പേരുൾപ്പടെ 11 പേർക്കെതിരെയാണ് കേസ്. ഇവരെ കസ്റ്റഡിയിലെടുത്ത് തുടരന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.