KERALA

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തു വന്നത്

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലേ നടന്‍ മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ ഉന്നയിച്ച പീഡനപരാതികള്‍ പിന്‍വലിക്കില്ലെന്ന് പരാതിക്കാരി. ആലുവ സ്വദേശിനിയായ യുവനടിയാണ് പീഡനപരാതി ആരോപിച്ച് പരാതി നല്‍കിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തു വന്നത്. നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.മുകേഷ്, ജയസൂര്യ , ഇടവേള ബാബു, മണിയൻപ്പിള്ള രാജു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിന്‍വലിക്കുമെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്. പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നൽകുമെന്നും നടി പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍മാരായ എം മുകേഷ് എംഎല്‍എ, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു, എന്നിവര്‍ക്കെതിരെയാണ് നടി ലൈംഗീക പീഡന ആരോപണവുമായി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തല്‍ മലയാള സിനിമ മേഖലയിലാകെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ ആരോപണവിധേയര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

2008ല്‍ പുറത്തിറങ്ങിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്ന തനിക്ക് ജയസൂര്യയില്‍നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് റെസ്റ്റ് റൂമില്‍ പോയിവരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നായിരുന്നു ആരോപണം. ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും നടി ആരോപിച്ചിരുന്നു. അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്കു വിളിപ്പിച്ചശേഷമാണ് ഇടവേള ബാബു മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. ഫോം പൂരിപ്പിച്ചുകൊണ്ടിരിക്കെ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചുവെന്നും പെട്ടെന്ന് താന്‍ ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുകയായിരുന്നുവെന്നും നടി പറഞ്ഞു. കലണ്ടര്‍ എന്ന സിനിമ സെറ്റില്‍വെച്ച് മുകേഷ് കടന്നുപിടിച്ചുവെന്നും ഫോണില്‍ വിളിച്ചു മോശമായി പെരുമാറിയെന്നും നടി പറഞ്ഞു.

ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചുവെന്നാണ് മണിയന്‍പിള്ള രാജുവിനെതിരായ ആരോപണം. രാജുവില്‍നിന്നുണ്ടായ മോശം അനുഭവം ആ സമയത്ത് ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് പറഞ്ഞിരുവെന്നും നടി പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ ആരോപണം. 'മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തുന്നതിനായാണ് ഈ പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവര്‍ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു. ഞാന്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു,' നടി കുറിച്ചു. 'ഇതിന്റെ ഫലമായി മലയാളസിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. എനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തില്‍ നീതി തേടുകയാണ് ഞാന്‍. ഹീനമായ പ്രവൃത്തികള്‍ ചെയ്തവര്‍ക്കെതിരെ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നായിരുന്നു നടിയുടെ അന്നത്തെ പോസ്റ്റ്.

എന്നാല്‍, 14 വര്‍ഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകര്‍ക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നടന്‍ മുകേഷ് കോടതിയില്‍ ബോധിപ്പിച്ചു. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്റെ ഉള്‍പ്പെടെ രേഖകളും മുകേഷ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു