KERALA

'ഹർഷിനയ്ക്ക് നീതി ലഭിക്കും': പോലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ദ ഫോർത്ത് - കോഴിക്കോട്

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹർഷിനയ്ക്ക് നീതി ലഭിക്കും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന പോലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. എന്നാൽ, മെഡിക്കൽ ബോർഡിന്റെ നിലപാട് തള്ളിയ പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു.

പോലീസ് റിപ്പോർട്ട് തള്ളിയ സംഭവത്തിൽ അട്ടിമറി നടന്നെന്ന കേസിൽ എറണാകുളത്തെ റേഡിയോളജിസ്റ്റ് ഡോ. പി ബി സലീമിൽ നിന്ന് പോലീസ് മൊഴിയെടുക്കാനിരിക്കുകയാണ്. ഇതേ കേസിൽ സിറ്റി പോലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷൻ ഈ മാസം 25നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പോലീസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജുനാഥ് പറഞ്ഞിരുന്നു.

പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം അകപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡ് സ്വീകരിച്ചത്. ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടയിലാണ് കത്രിക കുടുങ്ങിയതെന്ന് കമ്മിറ്റിക്ക് മുന്നില്‍ ലഭ്യമായ തെളിവുകള്‍ വച്ച് പറയാന്‍ സാധിക്കുന്നില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഈ വാദം രണ്ടംഗങ്ങളുടെ വിയോജിപ്പോടെ അംഗീകരിക്കുകയായിരുന്നു.

എന്നാൽ, ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് ഹർഷിന ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ നടക്കേണ്ടിയിരുന്ന ബോർഡ് യോഗം ഓഗസ്റ്റ് എട്ടിലേക്ക് മാറ്റിയതും നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി അതിവേഗത്തിൽ പുതിയൊരാളെ നിയമിച്ചതിലും ഹർഷിന ദുരൂഹത ഉന്നയിച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?