പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന സമരം പിൻവലിച്ച് ഹർഷിന. ആരോഗ്യ മന്ത്രി വീണാ ജോർജ് സമരപന്തലിലെത്തി ഹർഷിനയെ സന്ദർശിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസില്‍ വച്ചായിരുന്നു ചർച്ച. ഹർഷിനയ്ക്ക് നീതി ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഒരിക്കൽ കൂടി ആരോഗ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുകയാണെന്ന് ഹർഷിനയും പ്രതികരിച്ചു.
ഹര്‍ഷിന ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും മന്ത്രി പ്രതികരിച്ചു. ഹർഷിനയുടെ വാക്കുകളെ പൂർണ വിശ്വാസമാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് രണ്ട് സിസേറിയനും മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു സിസേറിയനുമാണ് നടന്നത്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹര്‍ഷിനക്ക് നീതി ലഭിക്കണമെന്നും എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് വര്‍ഷത്തിലധികമായി വയറ്റിലകപ്പെട്ട കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്ത് എടുത്ത് ആറ് മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അടിവാരം സ്വദേശി ഹർഷിന സത്യഗ്രഹം ആരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലായിരുന്നു സമരം. ആദ്യഘട്ടത്തില്‍ കത്രിക വയറ്റിലുണ്ടായിരുന്നു എന്ന് പറഞ്ഞ ആരോഗ്യ മന്ത്രി പക്ഷേ മെഡിക്കല്‍ കോളേജിലെ കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആദ്യ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്കയച്ചത്. ഈ റിപ്പോര്‍ട്ടില്‍ കാലപഴക്കം നിര്‍ണയിക്കാനായില്ലെന്ന് പ്രതികരിച്ച മന്ത്രി, മെഡിക്കല്‍ കോളേജ് രജിസ്റ്ററില്‍ കത്രിക നഷ്ടപ്പെട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു പറഞ്ഞത്.
മൂന്നാമത്തെ സിസേറിയനിടെ 2017ല്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സംഭവിച്ചതാണെന്ന് ഹര്‍ഷിന പറയുന്നുണ്ടെങ്കിലും വിശ്വാസം വരാത്ത ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കാതെ അന്വേഷണം അവസാനിപ്പിച്ച് കത്രിക ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഫോറന്‍സിക്ക് പരിശോധനാ ഫലവും വൈകിയതോടെയാണ് ഹര്‍ഷിന പരസ്യമായി സമരത്തിനിറങ്ങിയത്. ഇതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഹര്‍ഷിന സമരം തുടരുന്നതിനിടെയാണ് മന്ത്രിയുടെ കൂടി കാഴ്ച്ച. ഹര്‍ഷിനയുടെ മൂന്ന് സിസേറിയനുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നടന്നത്.