KERALA

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അട്ടിമറി അന്വേഷിക്കണമെന്ന് ഹർഷിന, പരാതിനൽകി

വെബ് ഡെസ്ക്

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർഷിന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണ് പരാതി. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് യോഗത്തിൽ നടന്ന യോഗത്തില്‍ ഗൂഡാലോചന നടന്നതായി സംശയിക്കുന്നുവെന്നും റേഡിയോളജിസ്റ്റിനെ മാറ്റിയ സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നുമാണ് പരാതി. അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി കൈമാറുമെന്ന് കമ്മീഷണർ പറഞ്ഞു.

പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം അകപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡ് സ്വീകരിച്ചത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ പോലീസ് റിപ്പോർട്ട് ശരിവച്ചപ്പോൾ ബോര്‍ഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മെഡിക്കല്‍ ബോര്‍ഡിലെ മറ്റുള്ള അംഗങ്ങളും അനുകൂലിക്കുകയായിരുന്നു. ഇതിൽ ഗൂഡാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഹർഷിന പരാതിയിൽ പറയുന്നു. നേരത്തെ നടക്കേണ്ടിയിരുന്ന ബോർഡ് യോഗം ഓഗസ്റ്റ് 8 ലേക്ക് മാറ്റിയതും നേരത്തെ നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി അതിവേഗത്തിൽ പുതിയൊരാളെ നിയമിച്ചതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.

സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ അശ്രദ്ധ കൊണ്ട് വയറ്റിൽ അകപ്പെട്ട കത്രികയാൽ 5 വർഷം നരകയാതന അനുഭവിച്ച തനിക്ക് നീതി കിട്ടണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമത്തിന്റെ വഴിയിലും അട്ടിമറി നടത്താനായി ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് 16 ബുധനാഴ്ച്ച ഹർഷിന സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?