KERALA

'ദുരന്ത കാലത്ത് എന്തും ചെയ്യാമെന്ന് കരുതരുത്'; പിപിഇ കിറ്റ് വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമർശനം

അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ കോവിഡ് പോലുള്ള ദുരന്തങ്ങൾ മറയാക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി സംബന്ധിച്ച വിഷയത്തിലാണ് കോടതിയുടെ ഇടപെടൽ. അഴിമതി ആരോപിച്ചുള്ള പരാതിയിൽ നോട്ടീസ് അയച്ച ലോകായുക്ത നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.

അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു . ''ജനങ്ങളുടെ നികുതി പണമാണ് വിനിയോഗിച്ചത്. പിപിഇ കിറ്റുകൾ വാങ്ങിയത് ഉയർന്ന നിരക്കിലാണെന്നാണ് പരാതി. ഇതിന്റെ നിജസ്ഥിതി ജനങ്ങൾ അറിയേണ്ടതുണ്ട്. അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? ''- ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെ തുടര്‍ന്നാണ് ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചത്. ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നു ചൂണ്ടികാട്ടിയാണ് കെ കെ ശൈലജയ്ക്ക് നോട്ടീസ് അയച്ചത്. അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജന്‍ ഖോബ്രഗഡെ, കെഎംഎസ്എസില്‍ എംഡിയായിരുന്ന നവജോത് ഖോസ, ബാലമുരളി, എം ഡി ദിലീപ് അടക്കമുള്ള 12 പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

കോവിഡ് കാലമായതിനാല്‍ പിപിഇ കിറ്റിന് ദൗര്‍ലഭ്യം നേരിട്ടതിനാല്‍ കിട്ടാവുന്നിടത്ത് നിന്നെല്ലാം വാങ്ങിയതിനാലാണ് കൂടുതല്‍ പണം നല്‍കേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കുറഞ്ഞ തുക ക്വോട്ട് നല്‍കിയ കമ്പനിയെ ഒഴിവാക്കിയാണ് കൂടുതല്‍ തുകയ്ക്ക് വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. വീണാ എസ് നായരുള്‍പ്പെടെയുള്ളവരാണ് പരാതിക്കാർ

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം