കേരള ഹൈക്കോടതി  
KERALA

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ജപ്തിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സർക്കാരിനോട് ഹൈക്കോടതി

ജപ്തി നേരിട്ടവരുടെ പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാവശ്യം

നിയമകാര്യ ലേഖിക

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടം ഈടാക്കാനായി ജപ്തിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം. ജപ്തി നടപടി നേരിട്ട ആളുകളുടെ പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള്ള വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും സി പി മുഹമ്മദ് നിയാസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനല്ലാത്ത തനിക്കെതിരെ ജപ്തി നടപടിയുണ്ടായെന്ന് ചൂണ്ടികാട്ടി മലപ്പുറം സ്വദേശി ടി.പി.യൂസഫ് എന്നയാള്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നിര്‍ദേശം.'തനിക്കെതിരെ ക്രിമിനല്‍ കേസുകളില്ല .15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാര തുക അടയ്ക്കാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. താന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ തന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി'യൂസഫ് നല്‍കിയ അപേക്ഷയില്‍ വ്യക്താക്കിയിരുന്നു. തുടര്‍ന്നാണ് വിശദാംശങ്ങള്‍ സമര്‍പിക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചത്. പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ഹര്‍ജി അടുത്തമാസം രണ്ടിന് പരിഗണിക്കാന്‍ മാറ്റി.

ഇന്നലെയാണ് ജപ്തി ചെയ്ത വ്യക്തികളുടെയും സ്വത്തുകളുടെയും വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പോപുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് രാജ്യവ്യാപകമായി റെയ്ഡ് നടത്തി സംഘടനാ ഭാരവാഹികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 23 നാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകളടക്കമുള്ളവയ്ക്കുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തി. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ മുതല്‍ തുടങ്ങിയ അക്രമസംഭവങ്ങള്‍ ശ്രദ്ധയല്‍പെട്ട ഡിവിഷന്‍ ബെഞ്ച് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് നാശ നഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കേരള ചേംബര്‍ ഒഫ് കൊമേഴ്സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ