കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷയിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് ഹൈക്കോടതി പരിശോധിക്കുന്നു. പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കെലപാതക കേസിലെ പ്രതി നിനോ മാത്യു എന്നിവർക്ക് ശിക്ഷായിളവ് നൽകുന്നത് സംബന്ധിച്ചാണ് കോടതി അന്വേഷിക്കുന്നത്.
പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം. പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷായിളവ് സംബസിച്ച് പരിശോധന നടത്തുന്നത്. നേരത്തെ അമിക്കസ് ക്യൂറിയെ നിയമിച്ച കോടതി കഴിഞ്ഞദിവസം ജയിൽ ഡിജിപിയോട് ഇരുവരുടേയും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അമീറുൽ ഇസ്ലാം വിയ്യൂർ ജയിലിലും നിനോ മാത്യു പൂജപ്പുര ജയിലിലുമാണുള്ളത്.
2016 ഏപ്രില്‍ 28ന് വൈകുന്നേരമാണ് നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശിയായ അമീറിനെ പിന്നീട് ജൂണില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 മാര്‍ച്ച് 13ന് വിചാരണ തുടങ്ങി. ഡിസംബര്‍ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2014 ഏപ്രില്‍ 16നാണ് നിനോ മാത്യു ആറ്റിങ്ങലിലെ രണ്ടുപേരെ കൊലപ്പെടുത്തിയത്. ടെക്നോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നിനോ മാത്യുവും കാമുകി അനുശാന്തിയും നടത്തിയ ഗൂഢാലോചനയാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. നിനോ മാത്യുവിനൊപ്പം ജീവിക്കുന്നതിനായി അനുശാന്തി ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാണ് കേസ്.