വാർത്താ റിപ്പോർട്ടിങ്ങിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ മറ്റ് നടപടികളുണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മറ്റ് മാധ്യമങ്ങളും സമാന വിഷയം റിപ്പോർട്ട് ചെയ്തെങ്കിലും തനിക്കെതിരെ മാത്രമാണ് കേസെടുത്തത് എന്നടക്കം ചൂണ്ടിക്കാട്ടിയാണ് അഖിലയുടെ ഹർജി.
മഹാരാജാസ് കോളജിലെ എം എ ആർക്കിയോളജി വിദ്യാർഥിയായിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, എഴുതാത്ത പരീക്ഷ പാസായതായി ഫലം പ്രസിദ്ധീകരിച്ചു എന്ന റിപ്പോർട്ടാണ് കേസിനിടയാക്കിയിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടത്തി ഇല്ലാത്ത ആരോപണം വാർത്തയാക്കിയെന്ന ആർഷോയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് അഖിലയുടെ ഹർജിയിൽ പറയുന്നു.
കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നത് സംബന്ധിച്ച റിപ്പോർട്ടിങ്ങിനായി എത്തിയപ്പോഴാണ് ആർഷോ എഴുതാത്ത പരീക്ഷ പാസായതായി ഫലം പ്രസിദ്ധീകരിച്ചെന്ന ആരോപണം കെ എസ് യു നേതാവായ സി എ ഫാസിൽ ഉന്നയിച്ചത്. രാഷ്ട്രീയ ആരോപണം എന്ന നിലയിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും അഖില ഹർജിയിൽ ചൂണ്ടിക്കാട്ടി.
മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറായ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പോലീസ് കേസെടുത്തത്. ഗൂഢാലോചന നടത്തിയെന്നാണ് അഖിലക്കെതിരെയുള്ള പരാതി. പോലീസ് നിർദേശപ്രകാരം വിവാദ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുള്‍പ്പെടെ അഖില പോലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു.
ജൂൺ ആറിനാണ് മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖാ കേസിലെ വിശദാംശങ്ങൾ തേടി അഖിലയും ക്യാമറാമാനും മഹാരാജാസ് ക്യാമ്പസിലെത്തിയത്. രാവിലെ പതിനൊന്നുമണി വാർത്തയിൽ പ്രിൻസിപ്പലിനോടും മലയാളം വിഭാഗം അധ്യാപകനോടും തത്സമയം വിശദാംശങ്ങൾ തേടി. പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്ന വിദ്യാർഥി പ്രതിനിധികളുടെയും വ്യാജരേഖ സംബന്ധിച്ച പ്രതികരണമാരാഞ്ഞു. ഈ സമയത്താണ് വിദ്യാർഥി പ്രതിനിധികളിലൊരാൾ ഇതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു വിഷയമുണ്ടെന്ന് പറഞ്ഞ് ആർഷൊയുടെ മാർക്ക് ലിസ്റ്റ് വിവാദം ഉയർത്തിയത്.