ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അവാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം പുരസ്കാരം റദ്ദാക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേർക്കാനും ഹർജിക്കാരനോട് കോടതി നിർദേശിച്ചു.
ഈ മാസം 17 ന് അവാർഡ് വിതരണം നടക്കുന്നതിന് മുൻപായി ഹർജി വീണ്ടും പരിഗണിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അനുവദിച്ചു. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയിരിക്കുന്നത്.
ഹർജിക്കാരന്റെ സിനിമയും സംവിധായകൻ വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാർഡ് നിർണയത്തിനായി സമർപ്പിച്ചിരുന്നെങ്കിലും ഇവയൊക്കെ തഴയപ്പെട്ടതായി ഹർജിയിൽ ആരോപിക്കുന്നു.
അവാർഡ് നിർണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിനയൻ സർക്കാരിന് തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു. എന്നാൽ, ഇതിൽ നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.