എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. കെല്‍ട്രോണിന് 11.79 കോടി രൂപ നല്‍കാനാണ് ഹൈക്കോടതിഡിവിഷന്‍ബെഞ്ച് അനുമതി നല്‍കിയത്. ക്യാമറയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എഐ ക്യാമറ ഇടപാടിലെ അഴിമതി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പദ്ധതി നടപ്പാക്കാന്‍ കരാര്‍ ലഭിച്ച കെല്‍ട്രോണിന്റെ യോഗ്യത സംബന്ധിച്ച് അന്വേഷിക്കണം, പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതി റദ്ദാക്കണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍.
ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എഐ ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കാന്‍ അനുമതി നല്‍കി. ഹര്‍ജി 18 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
എഐ കാമറകളുടെ പ്രവര്‍ത്തനം തുടങ്ങിയ ശേഷം വാഹനാപകടത്തില്‍ വന്‍ തോതില്‍ കുറവുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ അഞ്ച് മുതലാണ് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2022 ജൂണില്‍ 344 പേര്‍ക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റ സ്ഥാനത്ത് ഈ വര്‍ഷം ജൂണില്‍ അത് 276 ആയി കുറഞ്ഞു. 2022 ജൂലൈയില്‍ 313 പേര്‍ക്ക് പരുക്കേറ്റപ്പോള്‍ ഈ വര്‍ഷം 264 ആയി. 2022 ഓഗസ്റ്റില്‍ 3366 അപകടങ്ങളുണ്ടായിടത്ത് 2023 ഓഗസ്റ്റില്‍ 1065 മാത്രമാണുണ്ടായത്. 307 പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും 4040 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2023 ഓഗസ്റ്റില്‍ 58 പേര്‍ക്കാണ് മാരകമായി പരുക്കേറ്റത്. 1197 പേര്‍ക്ക് മാത്രമാണ് മാരകമല്ലാത്ത പരുക്കേറ്റത്.
ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ഇതുവരെ 7.62 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കഴിഞ്ഞു. സെപ്തംബറിലെ കണക്ക് പ്രകാരം 59.72 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.