KERALA

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവ്

കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ബാബുവിന്റേതാണ് വിധി.

നിയമകാര്യ ലേഖിക

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച കേസില്‍ അതിജീവിതയ്ക്ക് വിജയം. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തണം. അന്വേഷണം നടത്താന്‍ പോലീസ് അടക്കം ഏത് ഏജന്‍സിയുടെയും സഹായം തേടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരുമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പരാതിയുണ്ടെങ്കില്‍ ഒരു മാസത്തിനു ശേഷം നടിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

മെമ്മറി കാര്‍ഡ് അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ബാബുവിന്റേതാണ് വിധി.

എന്നാല്‍, കേസിന്റെ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു് കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ വാദം. കേസില്‍ പോലീസ് അന്വേഷണം എന്ന ആവശ്യം നീതിനിര്‍വഹണത്തിലുള്ള ഇടപെടലാകുമോ എന്നതടക്കമുളള വിഷയം കോടതി പരിശോധിച്ചിരുന്നു. രാത്രിയിലാണ് രണ്ടു തവണയും കാര്‍ഡ് പരിശോധിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നടി അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാനഘട്ടത്തിലാണ്. അതിനാല്‍ കീഴ് കോടതിയില്‍ വിസ്താരം പൂര്‍ത്തികുന്നത് വരെ വാദം നിര്‍ത്തിവയ്ക്കണം എന്ന് എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എഫ്എസ്എല്ലിലെ രണ്ട് ഉദ്യോഗസ്ഥരുടെ വിസ്താരത്തിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കാവൂ എന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇക്കാര്യം അനുവദിച്ചില്ല.

ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നായിരുന്നു നടിയുടെ ആവശ്യം. എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാന്‍ നീക്കമല്ലെന്നും നടി കോടതിയില്‍ വ്യക്തമാക്കി. മെമ്മറി കാര്‍ഡ് വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നുമായിരുന്നു നടിയുടെ ആവശ്യം.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live