ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിനുള്ളിൽ തിരിച്ചറിയാത്ത വസ്തു അകപ്പെട്ടതില്‍ എറണാകുളം രാജഗിരി ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഭർത്താവിന്റെ ശരീരത്തിനുള്ളിൽ ശരീര ഭാഗമല്ലാത്ത എന്തോ വസ്തു അകപ്പെട്ടുവെന്ന ഭാര്യയുടെ പരാതിയിലാണ് വിദഗ്ധ സമതിയോട് അന്വേഷിക്കാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടത്.
വീണ്ടും രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ശരീരത്തിൽ അകപ്പെട്ട വസ്തു നീക്കം ചെയ്യാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി
ക്യാൻസർ ബാധിച്ചതിനാൽ വൃക്കകളിലൊന്ന് നീക്കം ചെയ്യുന്നതിനാണ് ചങ്ങനാശേരി സ്വദേശി സെബാസ്റ്റ്യൻ തോമസിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളാകുകയും തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജഗിരി ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളിൽ എന്തോ വസ്തു അകപ്പെട്ടതായി ബിലീവേഴ്‌സ് ഹോസ്പിറ്റലിലെ സിടി സ്കാനിൽ കണ്ടെത്തി, ഇത് ആന്തരിക അവയവങ്ങളിൽ അണുബാധയുണ്ടാക്കുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത്. തുടർന്ന് രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ശരീരത്തിൽ അകപ്പെട്ട വസ്തു നീക്കം ചെയ്യാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി.
ഇത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ലെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. തുടർന്നാണ് പരാതി മെഡിക്കൽ നെഗ്ലിജൻസ് വിദഗ്ദ സമിതിക്ക് കൈമാറാൻ എടത്തല പോലീസിന് കോടതി നിർദേശം നൽകിയത്. ഐപിസി 338 വകുപ്പ് പ്രകാരം ചികിത്സാ പിഴവിന് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ഇത്തരം പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരാതി വിദഗ്ധ പാനലിന് (മെഡിക്കൽ നെഗ്‌ലിജൻസ്) പോലീസ് കൈമാറണമെന്നാണ് നിയമം. ഇതനുസരിച്ച്, പരാതി വിദഗ്ധ സമിതിക്ക് കൈമാറാനാണ് കോടതി നിർദേശം.