കേരളം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പരിശോധനയ്ക്കും സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിലെ നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചട്ടം 300 അനുസരിച്ച് നിയമ സഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് മന്ത്രിയുടെ പ്രതികരണം. രോഗ ബാധ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഇന്നലെ വൈകിട്ട് വരെ 706 പേർ ഉണ്ടായിരുന്നു. ഈ പട്ടികയിലെ ആളുകളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു.
നിപ രോഗ ബാധയില്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിപ സംശയം ഉണ്ടായതുമുതൽ പനി കേസുകളുടെ വിശദമായ വിവര ശേഖരണത്തിനായി കോഴിക്കോട് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും അവരുടെ അടുത്ത ബന്ധുവും കുട്ടിയും ഉൾപ്പെടെ നാല് പേരാണ് ആദ്യം ചികിത്സയിൽ ഉണ്ടായിരുന്നത്. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പനി ബാധിച്ച കുട്ടിയുടെ അച്ഛൻ ഓഗ്സറ്റ് 30-ാം തീയതി മരിച്ച സംഭവം അറിയുന്നതെന്നും മന്ത്രി പറഞ്ഞു.
പനി ബാധിച്ച് മരിച്ചവർക്ക് പുറമെ മെഡിക്കൽ സംഘം പ്രാദേശികമായി വിവരശേഖരണം നടത്തിയിരുന്നു. അന്ന് തന്നെ നിപ സംശയിച്ചതിനെ തുടർന്ന് ചികിത്സയിലുണ്ടായിരുന്നവരുടെ സാമ്പിളുകൾ കോഴിക്കോട് മൈക്രോബയോളജി ലാബിൽ ടെസ്റ്റിന് നൽകിയിരുന്നു. എന്നാൽ നിപ സ്ഥീരീകരണ റിപ്പോർട്ട് വരുന്നതു വരെ ചികിത്സയിലുണ്ടായിരുന്ന എല്ലാ കേസുകളെയും നിപയായി തന്നെ പരിഗണിച്ചിരുന്നുവെന്നും ആ തരത്തിലുളള നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, നിപ്പ പടരുന്നത് ശരീരശ്രവങ്ങളിലൂടെയാണെന്നും ആശങ്ക വേണ്ട ജാഗ്രത മതിയെന്നും വീണാ ജോർജ് പറഞ്ഞു. തീവ്ര രോഗമുള്ള ആളുകളിൽ നിന്നു മാത്രമാണ് രോഗം പടരുന്നതെന്നും ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും രോഗലക്ഷണമുള്ള കുഞ്ഞുങ്ങളെ സ്കൂളിൽ അയക്കരുതെന്നും ആരോഗ്യ വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി.
എന്നാൽ, നിപ സാമ്പിളുകള്‍ പരിശോധിക്കാൻ പൂനൈയിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍ രംഗത്തെത്തി. നിപ സാമ്പിളുകള്‍ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുന്നതില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അതേസമയം, കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് പുറത്തുവരുന്നവിവരം. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം.