ആരോഗ്യമന്ത്രിയെ സഭയില്‍ താക്കീത് ചെയ്തെന്ന വാര്‍ത്തകള്‍ തള്ളി സ്പീക്കര്‍. താക്കീതല്ല, നിര്‍ദേശം നല്‍കുകയെന്ന സാധാരണ നടപടിക്രമം മാത്രമാണ് പാലിച്ചതെന്ന് സ്പീക്കര്‍ വിശദീകരിച്ചു. സോഫ്റ്റ്‌വെയറിലെ പരിമിതിയാണ് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഉപ ചോദ്യങ്ങൾക്കുള്ള മറുപടി സമാനമാണെങ്കിൽ നിയമസഭാ ചട്ടപ്രകാരം പൊതുവായി സംയോജിപ്പിച്ച് നൽകാറുണ്ട്. എന്നാലിത് നിയമസഭാ പോർട്ടലിൽ ഒറ്റ മറുപടിയായി അപ്‌ലോഡ് ചെയ്യുന്നതിലുള്ള തടസം ചെയറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചു. സോഫ്റ്റ്‌വെയർ പ്രശ്നം ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് മന്ത്രിക്ക് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 22ലെ ചോദ്യത്തിലെ ഉപചോദ്യങ്ങൾക്ക് ആരോഗ്യമന്ത്രി സമാന മറുപടി നൽകിയെന്നായിരുന്നു എ പി അനിൽകുമാർ നൽകിയ പരാതി. d,e,f എന്നീ ചോദ്യങ്ങള്‍ക്ക് ഒരേ മറുപടി നൽകിയതായാണ് ശ്രദ്ധയിൽപ്പെട്ടത്. ഇത് സോഫ്റ്റ് വെയറിന്റെ പരിമതി കാരണമാണെന്ന് പിന്നീടാണ് മനസിലാക്കിയത്. പ്രശ്നം പരിഹരിക്കാനായി അടിയന്തര നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
സാധാരണ ഇത്തരത്തിൽ ലഭിക്കുന്ന പരാതിയില്‍ നിയമസഭാ സെക്രട്ടറിയേറ്റ് സ്വീകരിക്കുന്ന പൊതു നടപടിക്രമം മാത്രമാണ് സ്വീകരിച്ചത്. മാധ്യമങ്ങളില്‍ വന്നതു പോലെ താക്കീത്, ശാസന എന്നീ പദങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും സ്പീക്കര്‍ സഭയില്‍ അറിയിച്ചു.