സംസ്ഥാനത്ത് മഴ കനക്കുന്നു. എല്ലാ ജില്ലകളിലും വരും മണിക്കൂറുകളില്‍ ഇടവേളകളോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റഡാര്‍ ഡാറ്റാ പ്രകാരം പടിഞ്ഞാറന്‍ കാറ്റിനു കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെയാണ് വേഗത.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് തീരങ്ങള്‍ക്കും, കന്യാകുമാരി തീരത്തും ഇന്നും നാളെയും ജാഗ്രതാ നിര്‍ദേശം
ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ, കാറ്റ്, കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാലും ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തീരദേശ മേഖലകളിലും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരള തീരത്തും, തമിഴ്നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് തീരങ്ങള്‍ക്കും, കന്യാകുമാരി തീരത്തും ഇന്നും നാളെയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കുക, മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത്.