KERALA

തോരാതെ മഴ, കുത്തിയൊലിച്ച് പുഴകള്‍; ഇടുക്കി മുതല്‍ കാസർക്കോട് വരെ റെഡ് അലർട്ട്, സംസ്ഥാനത്ത് അതിജാഗ്രത

ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

വെബ് ഡെസ്ക്

സംസ്ഥാനത്ത് മഴ അതിതീവ്രമായി തുടരുന്നു. പുതിയ മുന്നറിയിപ്പ് പ്രകാരം ഇടുക്കി മുതല്‍ കാസർകോഡ് വരയെുള്ള എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടുമാണ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാകുന്നത്.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷൻ) എന്നീ പുഴകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടുമാണ്. പ്രസ്തുത സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെടുതികൾ രൂക്ഷം. വയനാട് മേപ്പാടിക്ക് പുറമെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറുകയും ചെയ്തതു. ഗതാഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ ഭാഗികമായും പൂർണ്ണമായും റദ്ദാക്കി. പാലക്കാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം, മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 62 ആയി ഉയർന്നു. മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മുണ്ടക്കൈയിലേക്കും ചൂരല്‍മലയിലേക്കും ഇപ്പോഴാണ് സൈന്യത്തിനും ഫയർഫോഴ്‌സിനും എത്താനായത്. കനത്തമഴയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. എത്രപേരെ കാണാതായിട്ടുണ്ട് എന്നതില്‍ വ്യക്തതയില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ