KERALA

അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത; കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

വെബ് ഡെസ്ക്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. എന്നാല്‍ എംജി സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ ഇന്നും നാളെയും കാസര്‍ഗോഡ് ഇന്നും വയനാട്ടില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രാത്രിയാത്ര നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്നും മരങ്ങള്‍ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ വടക്കന്‍ കേരളത്തില്‍ മഴയില്‍ വ്യാപക നഷ്ടമുണ്ടായി. മലപ്പുറം എടവണ്ണയില്‍ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു.

മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂന മര്‍ദപാത്തിയും ഗുജറാത്തിന് മുകളിലായി ഒരു ചക്രവാതച്ചുഴിയുമാണ് ഇടിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റിനും കാരണമാകുന്നത്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മഴയുടെ പശ്ചാത്തലത്തില്‍ റോഡുകളിലെ വെള്ളക്കെട്ട്/ വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്കുള്‍പ്പെടെ രൂപം കൊണ്ടേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?