KERALA

കണ്ണൂര്‍, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വടക്ക് മഴകനക്കും

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ട് താലൂക്കുകളിലെ സ്കൂളുകൾക്കും നാളെ അവധിയാണ്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ അറിയിച്ചു.

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്കൂളുകൾക്ക് നാളെ അവധി, കോളേജുകൾക്ക് അവധി ബാധകമല്ല. സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ലെന്നും നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മിതമായ മഴയ്ക്കും ശക്തിയായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

അതേസമയം ഇന്നലെ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കും മുന്‍പ് അവധിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചതിനെതിരെ കോഴിക്കോട് കളക്ടര്‍ രംഗത്തെത്തി. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിന് ശേഷം രാത്രി 7.45 ഓടെയാണ് അവധി പ്രഖ്യാപിതെന്നും അതിന് മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രചരിച്ചെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തയും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ എ ഗീത അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും