KERALA

മഴ തുടരുന്നു; അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു, പാംപ്ലയും കല്ലാർക്കുടിയും തുറക്കുന്നു

വെബ് ഡെസ്ക്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാമാന്യ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവുമാണ് നിലവിലെ മഴയ്ക്ക് കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് അര്‍ധരാത്രിയോടെ റിമാല്‍ ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുകിഴക്ക് ദിശയിലേക്കു നീങ്ങുന്ന ന്യൂനമര്‍ദം ബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കാണു നീങ്ങുന്നത്. 26ന് അര്‍ധരാത്രി സാഗര്‍ ഐലന്‍ഡിനും ഖേല്‍പ്പുരയ്ക്കും ഇടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. വിഴിഞ്ഞം മുതൽ കാസർക്കോട് വരെയുള്ള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

വൃഷ്ടിപ്രദേശങ്ങളില്‍ അതിശക്തമായ മഴയുള്ളതിനാലും നീരൊഴുക്ക് കൂടിയതിനാലും ജില്ലയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കിയിൽ പാംപ്ല, കല്ലാര്‍ക്കുടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ രാവിലെ ആറു മുതല്‍ തുറക്കുമെന്ന അറിയിപ്പുമുണ്ട്. പാംപ്ല അണക്കെട്ടിൽനിന്ന് 600 ക്യൂമെക്‌സും കല്ലാർക്കുടിയിൽനിന്ന് 300 ക്യൂമെക്‌സും വെള്ളം പുറത്തേക്കും വിടുന്നതിനാണ് അനുമതി. മുതിരപ്പുഴയാര്‍, പെരിയാര്‍ നദീതീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും