ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക ഭാഗം സർക്കാർ ഒഴിവാക്കിയതായി വിവരങ്ങൾ. വിവരാവകാശ കമ്മീഷൻ പുറത്തുവിടാമെന്ന ഉറപ്പുനൽകിയ വിവരങ്ങൾ നിലവിൽ പുറത്ത് വന്ന റിപ്പോർട്ടിൽ ഇല്ലെന്നാണ് വ്യക്തമാവുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു എന്നാൽ ഒഴിവാക്കിയതായി വിവരവകാശകമ്മീഷൻ അറിയിച്ച ഖണ്ഡികകൾ കൂടാതെ 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകൾ അധികമായി ഒഴിവാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുറത്ത് വിട്ട സോഫ്റ്റ്കോപ്പിയിലും ഈ ഖണ്ഡികകൾ കാണാനില്ല. മുന്നറിയിപ്പില്ലാതെ 5 പേജുകളാണ് റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയത്.
63 പേജുകൾ ഒഴിവാക്കുമെന്നാണ് വിവരാവകാശ കമ്മിഷൻ നേരത്തെ അറിയിച്ചത്. അതുകൂടാതെ അഞ്ച് പേജുകൾ കൂടി ഇപ്പോൾ ഒഴുവാക്കിയതായാണ് വിവരങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾ സർക്കാരിനെതിരെ നീളുന്ന സാഹചര്യത്തിലാണ് മറ്റൊരു ഗൗരവതരമായ ആരോപണം കൂടി ഉയരുന്നത്. റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ പരാമർശിക്കുന്നു അക്രമികൾക്കെതിരെ എന്തുകൊണ് സർക്കാർ നടപടി സ്വീകരിക്കാത്തത് എന്ന വിമർശനം തുടക്കം മുതൽ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി സ്വമേധയാ സർക്കാരിന് കേസെടുക്കാനാകില്ല എന്നാണ് മുഖ്യമന്ത്രിയുൾപ്പെടെ പറഞ്ഞത്.
എന്നാൽ സർക്കാരിന് സ്വമേധയാ കേസെടുക്കാൻ സാധിക്കുമെന്ന്, പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചുകൊണ്ട് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാരിനെതിരെ ശക്തമായ വിമർശനമുന്നയിച്ച കോടതി റിപ്പോർട്ടിന്റെ പൂർണരൂപം സീൽ വച്ച കവറിൽ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി റിപ്പോർട്ടിലെ അഞ്ച് പേജുകൾ അധികമായി ഒഴിവാക്കി എന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
തിങ്കളാഴ്ച പുറത്തു വന്ന ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ മലയാള സിനിമാ മേഖലയെ സംബന്ധിക്കുന്ന അതീവഗുരുതരമായ വിവരങ്ങളാണ് പുറത്ത് വന്നത്. സിനിമയിൽ അഭിനയിക്കുന്നതിനും ഈ മേഖലയിൽ നിലനിൽക്കുന്നതിനും നടിമാർ സിനിമയിലെ നായക നടൻ, സംവിധായകൻ, നിർമാതാവ് ഉൾപ്പെടെയുള്ള പുരുഷന്മാരുടെ ലൈംഗികചൂഷണങ്ങൾക്ക് വിധേയരാകേണ്ടതുണ്ട് എന്നും, എതിർപ്പ് പ്രകടിപ്പിക്കുന്നവർക്ക് സിനിമയിൽ നിന്നും എന്നത്തേക്കുമായി പുറത്തകേണ്ടിവരും എന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
കാസ്റ്റിംഗ് കൗച്ച് മുതൽ രാത്രികാലങ്ങളിൽ നടിമാർ ഉറങ്ങിക്കിടക്കുന്ന മുറികളുടെ വാതിലിൽ പുരുഷന്മാർ മുട്ടുന്നതും തുറക്കുന്നതുവരെ ബഹളമുണ്ടാക്കുന്നതുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
നടിമാർ മുതൽ സിനിമാ മേഖലയിലെ അസംഘടിത തൊഴിലാളികളായ ജൂനിയർ ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈലിസ്റ്റുകൾ വരെയുള്ളവർ കടുത്ത തൊഴിൽചൂഷണമനുഭവിക്കുന്നു എന്ന വിവരവും റിപ്പോർട്ടിലുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികളും, പൊതുവിലുള്ള പരാതികൾ സമർപ്പിക്കുന്നതിനായി ഒരു ട്രൈബ്യുണലും രൂപീകരിക്കണമെന്നുമായിരുന്നു കമ്മിറ്റിയുടെ നിദേശം. എന്നാൽ ട്രൈബുണൽ രൂപീകരിക്കാൻ വലിയ ചെലവുവരുമെന്നാണ് സർക്കാരിന്റെ വിശദീകരണം. പകരം സിനിമ, സീരിയൽ രംഗത്തെ പരിഷ്കരിക്കുന്നതിനായി സർക്കാർ നവംബറിൽ കോൺക്ലേവ് നടത്തുമെന്നും, അതിൽ പ്രശ്നങ്ങൾ ചർച്ചചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചത്. എന്നാൽ മൂന്നു ദിവസത്തെ കോൺക്ലേവിൽ പരിഹരിക്കാവുന്നതാണോ ഈ ഗുരുതരപ്രശ്നങ്ങൾ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു.