KERALA

ധാര്‍മിക ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജിയെന്ന് മോഹന്‍ലാല്‍; വരുമോ 'അമ്മ'യെ നവീകരിക്കാന്‍ കെല്‍പ്പുള്ള നേതൃത്വം?

താര സംഘടയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ധിഖിന്റെ രാജിയില്‍ തുടങ്ങിയ പൊട്ടിത്തെറിയാണ് ഇപ്പോള്‍ ഭരണ സമിതി പിരിച്ചുവിടലില്‍ എത്തിനില്‍ക്കുന്നത്

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്നുവിട്ട വിവാദത്തില്‍ മലയാള സിനിമ മേഖയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പൊട്ടിത്തെറികള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാനെന്ന് വിമര്‍ശനം. താര സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ തന്നെ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി തന്നെ പിരിച്ചുവിട്ട് പുകമറ സൃഷ്ടിക്കാനാണ് നീക്കം പുരോഗമിക്കുന്നത്. തത്വത്തില്‍ ഭരണ സമിതി രാജിവച്ചെങ്കിലും പുതിയ ഭരണ സമിതി നിലവില്‍ വരും വരെ മോഹന്‍ലാല്‍ അധ്യക്ഷനായ നിലവിലെ ഭരണ സമിതി അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരുമെന്നാണ് രാജി സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

താര സംഘടയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ധിഖിന്റെ രാജിയില്‍ തുടങ്ങിയ പൊട്ടിത്തെറിയാണ് ഇപ്പോള്‍ ഭരണ സമിതി പിരിച്ചുവിടലില്‍ എത്തിനില്‍ക്കുന്നത്. രാജിയോടെ വിഷയത്തില്‍ ഇനിയൊരു പ്രതികരണം ആവശ്യമില്ലെന്ന പൊതു ധാരണകൂടി സൃഷ്ടിച്ച് കയ്യൊഴിയാനാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്. സിദ്ധിഖ് രാജിവച്ച ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള പകരക്കാരനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഭിന്നതയും പൊട്ടിത്തെറിയിലേക്ക് വഴിവച്ചിട്ടുണ്ട്.

സിദ്ധിഖിന് പകരക്കാരനായി ബാബുരാജ് ജനറല്‍ സെക്രട്ടറിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാബുരാജും ആരോപണ വിധേയനായതിനാല്‍ സ്ഥാനമേല്‍ക്കുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം നിലപാട് എടുത്തിരുന്നു. ഇതുള്‍പ്പെടെയുള്ള ഭിന്നതകള്‍ പുറത്തുവരാതിരിക്കാനാണ് ഇപ്പോഴത്തെ രാജിയെന്നും പറയപ്പെടുന്നു.

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു .രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും'- എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ സ്വാഭാവിക വത്കരിക്കാനായിരുന്നു ആദ്യ പ്രതികരണത്തില്‍ താര സംഘടനയുടെ ഭരണ സമിതി അംഗങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനെതിരെ അമ്മ വൈസ് പ്രസ്ഡന്റ് ജഗദീഷ് തന്നെ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഉര്‍വശി, ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല തുടങ്ങിയവരും എതിര്‍പ്പ് പരസ്യപ്പെടുത്തി എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ കമ്മിറ്റി, വിലക്ക് ആരോപണങ്ങള്‍ ശരിവച്ചും അമ്മയ്ക്ക് തെറ്റ്പറ്റിയെന്നും പറഞ്ഞ് രംഗത്ത് എത്തിയതോടെയാണ് താര സംഘടനാ നേതൃത്വം രാജിയെന്ന നിലപാട് സ്വീകരിച്ച കൈ കഴുകാന്‍ ശ്രമിക്കുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം