KERALA

ഒന്‍പത് മാസത്തിനിടെ ചെരിഞ്ഞത് 16 നാട്ടാനകള്‍; കേരളത്തില്‍ ശേഷിക്കുന്നത് 433 എണ്ണം

ആനകളുടെ സ്വാഭാവിക മരണം മുന്‍പൊക്കെ 60-62 വയസിലായിരുന്നെങ്കില്‍ ഇപ്പോള്‍ 33-34 വയസിലാണ്

അഖില രവീന്ദ്രന്‍

ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തിടമ്പേറ്റിയ ആനയെ അലങ്കാരമായി കാണുന്നവരാണ് മലയാളികള്‍. എന്നാല്‍ ആഘോഷങ്ങളില്‍ നിന്ന് ആനകള്‍ അകലുകയാണ്. നാട്ടാനകളെ സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിയമങ്ങളുള്ള കേരളത്തില്‍ ആനകളുടെ മരണനിരക്ക് ഉയരുകയാണ്. ഒന്‍പത് മാസത്തിനിടെ 16 ആനകളാണ് ചെരിഞ്ഞത്. ശേഷിക്കുന്നത് 433 നാട്ടാനകള്‍ മാത്രം. നിയമങ്ങള്‍ വേണ്ട വിധത്തില്‍ നടപ്പാക്കാത്തതുകൊണ്ട് മാത്രം കേരളത്തില്‍ ഒരുപാട് നാട്ടാനകളും മനുഷ്യരും ഇല്ലാതായി.

2018 നവംബര്‍ മുപ്പതിനാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളിലെ നാട്ടാനകളുടെ കണക്കെടുക്കുന്നത്. 2018ലെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 521 നാട്ടാനകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇനി അവശേഷിക്കുന്നത് 433 എണ്ണം മാത്രമാണ്. കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ 16 നാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരിഞ്ഞത്.

2022ല്‍ ചെരിഞ്ഞ പതിനാറ് നാട്ടാനകള്‍

  • തിരുവനന്തപുരം പേഴത്തുംമുട്ടില്‍ ലക്ഷ്മി

  • തൃശ്ശൂര്‍ കടമ്പാട്ട് ഗണപതി

  • കോട്ടയം അയര്‍ക്കുന്നം അയ്യപ്പന്‍കുട്ടി

  • തിരുവനന്തപുരം വേലായുധന്‍

  • തൃശ്ശൂര്‍ എടക്കളത്തൂര്‍ അര്‍ജുനന്‍

  • തൃശ്ശൂര്‍ കുട്ടി ശങ്കരന്‍

  • മലപ്പുറം കൊളക്കാടന്‍ മിനി

  • തൃശ്ശൂര്‍ മച്ചാട്ട് കര്‍ണ്ണന്‍

  • എറണാകുളം ചെറായി പരമേശ്വരന്‍

  • തൃശ്ശൂര്‍ പാറമേക്കാവ് പത്മനാഭന്‍

  • പാലക്കാട് മംഗലാംകുന്ന് കേശവന്‍

  • കണ്ണൂര്‍ ഒലയമ്പാടി മണികണ്ഠന്‍

  • തൃശ്ശൂര്‍ കുന്ദകുളം ഗണേശന്‍

  • കോട്ടയം ഉഷ ശ്രീ ദുര്‍ഗാപ്രസാദ്

  • തൃശ്ശൂര്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍

  • പാലക്കാട് കുറുവാട്ടൂര്‍ വിഘ്‌നേഷ്

ആനകളുടെ സ്വാഭാവിക മരണം മുന്‍പൊക്കെ 60-62 വയസിലായിരുന്നെങ്കില്‍ ഇപ്പോള്‍ 33-34 വയസിലാണ്. ആനകള്‍ക്ക് നല്ല ചികിത്സ ലഭിക്കാത്തതുകൊണ്ട് കൂടിയാണ് നേരത്തെയുള്ള മരണം. 17 തരത്തിലുള്ള മരങ്ങളുടെ ഇല ആന കഴിക്കും. ആനയുടെ സ്വഭാവികമായുള്ള രോഗ പ്രതിരോധ ശേഷി വെള്ളത്തില്‍ മുങ്ങി കിടക്കലാണ്. വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിലൂടെ രക്തയോട്ടം താരതമ്യേനെ വേഗത്തിലായി ആന സ്വയം പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എന്നാല്‍ ഇതെല്ലാം പലപ്പോഴും നാട്ടാനകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

2018 ല്‍ 523 ആനകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ അതേവര്‍ഷം മൂന്ന് ആനകള്‍ ചെരിഞ്ഞു. 2019 ല്‍ 20 നാട്ടാനകളും 2021 ലെ കണക്കില്‍ 29 ആനകളും ചെരിഞ്ഞു. വര്‍ഷാ വര്‍ഷങ്ങളില്‍ ഇല്ലാതായ ആനകളുടെ കണക്കുകള്‍ നോക്കിയാല്‍ അവശേഷിക്കുന്ന 433 ആനകളെ സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും ഏറ്റവും പ്രധാനമായിരിക്കുകയാണ്. ക്യാപ്റ്റീവ് ബ്രീഡിങ് വഴി നാട്ടാനകളുടെ എണ്ണം കുറയുന്നത് പരിഹരിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആന പരിപാലന കേന്ദ്രങ്ങളില്‍ ആനകളുടെ പ്രജനനം ഉറപ്പാക്കുന്ന പദ്ധതിയാണ് ക്യാപ്റ്റീവ് ബ്രീഡിങ്. എന്നാല്‍ കേരളത്തില്‍ ഇത് പ്രായോഗികമല്ല എന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ട്.

ക്യാപ്റ്റീവ് ബ്രീഡിങ് കാര്യക്ഷമമോ?

പ്രകൃതി വിരുദ്ധമായ രീതിയില്‍ ആനക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്നതിലൂടെയാണ് ആനകള്‍ക്ക് പല തരത്തിലുള്ള അസുഖങ്ങളും ഉണ്ടാകുന്നത്. ആനകളില്‍ പ്രജനനം (ക്യാപ്റ്റീവ് ബ്രീഡിങ്) നടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും അത് കേരളത്തില്‍ അപ്രായോഗികമാണ് എന്ന വിലയിരുത്തലുകളാണ് വരുന്നത്.

ക്യാപ്റ്റീവ് ബ്രീഡിങിന് വിരുദ്ധമായ നിയമങ്ങള്‍ ഒന്നും കേരളത്തില്‍ ഇല്ലെങ്കിലും പ്രസവശേഷം രണ്ട് വര്‍ഷത്തേയ്ക്ക് പിടിയാനയ്ക്ക് വിശ്രമം നല്‍കണം എന്ന നിയമം നിലനില്‍ക്കുന്നുണ്ട്.

ക്യാപ്റ്റീവ് ബ്രീഡിങിന് വിരുദ്ധമായ നിയമങ്ങള്‍ ഒന്നും കേരളത്തില്‍ ഇല്ലെങ്കിലും പ്രസവശേഷം രണ്ട് വര്‍ഷത്തേയ്ക്ക് പിടിയാനയ്ക്ക് വിശ്രമം നല്‍കണം എന്ന നിയമം നിലനില്‍ക്കുന്നുണ്ട്. കുട്ടി ആനകള്‍ക്ക് മുലപ്പാല്‍ നല്‍കാനാണ് ഈ കാലയളവ്. കുട്ടിയാനകളുടെ കുടല്‍ വളരാനും ഭാരം വര്‍ദ്ധിക്കാനും മുലപ്പാല്‍ ആവശ്യമാണ്. ഗര്‍ഭ കാലയളവും പ്രസവിച്ച ശേഷമുള്ള സമയം കൂടി കണക്കിലെടുത്താല്‍ 3 വര്‍ഷം ആനയെ പണിയെടുപ്പിക്കരുതെന്നാണ് നിയമം. അതുകൊണ്ട് തന്നെ ആനയുടമകള്‍ ആനകളെ ബ്രീഡിങിന് വിധേയരാക്കുന്നതിന് തയാറാവില്ല എന്ന സാഹചര്യവുമുണ്ട്.

മറ്റ് ആനകളില്‍ നിന്ന് അകന്ന് ജീവിക്കാനാണ് കേരളത്തിലെ ആനകളെ പരിശീലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രജനനത്തിലൂടെ ആന പ്രസവിച്ചു കഴിഞ്ഞാല്‍ കുട്ടിയാനയെ, അമ്മ സംരക്ഷിക്കുമോ മുലയൂട്ടുമോ എന്നൊന്നും കേരളത്തിലെ ആനകളുടെ സാഹചര്യം വച്ച് ഉറപ്പിക്കാന്‍ സാധിക്കില്ല. പോഷക ഗുണങ്ങള്‍ ലഭിക്കാതെ വളരുന്ന ആനക്കുട്ടി പിന്നീട് ഭാരക്കുറവും കുടല്‍ വളര്‍ച്ചയുമില്ലാതെ ചെരിഞ്ഞെന്നും വരാം.

വിദേശ രാജ്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷനിലൂടെ ആനക്കുട്ടികളെ സൃഷ്ടിക്കാറുണ്ടെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വെങ്കിടാചലം വി കെ 'ദ ഫോര്‍ത്ത്'നോട് പറഞ്ഞു. അവിടെ ഗര്‍ഭ കാലയളവിലെ 10 മാസം വിവിധ ഘട്ടങ്ങളിലായി പിടിയാനകളില്‍ നിന്ന് രക്തം എടുത്ത് സൂക്ഷിക്കും. അത് സൂക്ഷിക്കാന്‍ അവിടെ സംവിധാനങ്ങള്‍ ഉണ്ട്. അവിടെ പിടിയാന കുട്ടിയാനയ്ക്ക് മുലപ്പാല്‍ നല്‍കുന്നില്ലെങ്കില്‍. മുലപ്പാലിനു പകരമായിട്ട് നല്‍കുന്ന ഭക്ഷണത്തില്‍ ശേഖരിച്ചു വച്ച രക്തം കലര്‍ത്തി നല്‍കും. അങ്ങനെ മുലപ്പാലിന് ബദലായിട്ടുള്ള ഒരു ഭക്ഷണരീതി ആനക്കുട്ടിക്ക് നല്‍കാന്‍ സാധിക്കും. കുട്ടിയാനയുടെ കുടല്‍ വളരുന്നതിനും സ്വാഭാവികമായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും.

മറ്റൊരു പ്രതിസന്ധി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പിടിയാനകള്‍ 50 വയസ്സിന് മുകളിലുള്ളവരാണ് എന്നതാണ്.

അതേസമയം, കേരളത്തിന്റെ സ്ഥിതി അതല്ല. വിദേശ രാജ്യങ്ങളില്‍ അത് സാധിക്കുന്നത് ഒരു നിശ്ചിതകാലത്തേക്ക് രക്തം സൂക്ഷിക്കാനുള്ള സംവിധാനം ഉള്ളതുകൊണ്ടാണ് . രക്തം സൂക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ അപര്യാപ്തമായതുകൊണ്ട് തന്നെ കേരളത്തില്‍ ക്യാപ്റ്റീവ് ബ്രീഡിങ് എന്ന പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വെങ്കിടാചലം പറയുന്നു.

മറ്റൊരു പ്രതിസന്ധി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പിടിയാനകള്‍ 50 വയസ്സിന് മുകളിലുള്ളവരാണ് എന്നതാണ്. ആനയുടെ പ്രസവ കാലയളവ് എന്നത് 40 മുതല്‍ 50 വര്‍ഷം വരെയാണ്. 50 വയസിനു മുന്‍പുള്ള ആനകള്‍ക്ക് പ്രസവശേഷി കുറവായിരിക്കുമെന്നതും ക്യാപ്റ്റീവ് ബ്രീഡിങ്ങ് കേരളത്തിന് സ്വീകാര്യമല്ലാതാക്കുന്നു.

ശേഷിക്കുന്നവയെ സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

ഉത്സവങ്ങളില്‍ തിടമ്പേറ്റുന്നതിനും എഴുന്നെള്ളിക്കുന്നതിനും ആനയ്ക്ക് പകരം പ്രതിമകളെ ഉപയോഗിക്കുക എന്നതാണ് ആദ്യ ഘട്ടമായി ചെയ്യേണ്ടത്. പീഡനവും കൃത്യതയില്ലാത്ത പരിപാലനവും ചികിത്സ രീതികളിലെ അപര്യാപ്തതയും ചുരുങ്ങിയ കാലയളവുകൊണ്ട് ആനകളുടെ എണ്ണം 433 ആയി ചുരുങ്ങാന്‍ കാരണങ്ങളാണ്. 433 ആനകളേയും വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കാട്ടിലേക്ക് മാറ്റി, അവിടെ വേലി കെട്ടി പാപ്പാന്മാര്‍ക്കൊപ്പം ആനയെ കാട്ടിനുള്ളില്‍ തന്നെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് വെങ്കിടാചലം പറയുന്നു. അതിന് സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് വകയിരുത്തുക എന്നതാണ് മറ്റൊരു പരിഹാരമാര്‍ഗം.

433 ആനകളെ 43 എണ്ണമായി തിരിച്ച്, 10 സ്ഥലത്ത് സംവിധാനം ഉണ്ടാക്കണം. ഒരു ആനയ്ക്ക് അധിവസിക്കാന്‍ 3 അല്ലെങ്കില്‍ 4 ഏക്കര്‍ സ്ഥലം വേണം. അങ്ങനെ നോക്കുമ്പോള്‍ 130 ഏക്കര്‍ സ്ഥലത്ത് 43 ആനകളെ അധിവസിപ്പിക്കാന്‍ സാധിക്കും. നിലവിലുള്ള ആനകള്‍ സംരക്ഷിക്കാന്‍ വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രാഥമികമായ കാര്യം ഇതാണ്. നിലനില്‍ക്കുന്ന നിയമങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ് കൊണ്ട് മാത്രമെ അവശേഷിക്കുന്നവയേയെങ്കിലും സംരക്ഷിക്കാന്‍ സാധിക്കൂയെന്നും വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ