കാമുകൻ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പതിനാറുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. കുട്ടിയുടെ അമ്മ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഗർഭം അലസിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. ജീവനോടെയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നതെങ്കിൽ ജീവൻ രക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി തൃശൂർ മെഡിക്കൽ കോളേജിന് നിർദേശം നൽകി.
കുട്ടിയുടെ അമ്മ ആദ്യം ഗർഭഛിദ്രത്തിന് അനുമതി തേടി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. പക്ഷെ 26 ആഴ്ച വളർച്ചയെത്തിയതിനാൽ കോടതി അനുമതി നൽകിയില്ല. വളരെ വൈകി മാത്രമാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് അമ്മ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ നിയമപ്രകാരം 24 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ സാധിക്കില്ലന്ന് കോടതി വ്യക്തമാക്കി. ഈ ഉത്തരവിനെതിരേ വീണ്ടും അമ്മ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെ ഉത്തരവ്.
കുഞ്ഞിനെ വളർത്തുന്നതിൽ പെൺകുട്ടിയുടെ മാനസിക വിഷമമടക്കമാണ് അമ്മ ചൂണ്ടിക്കാട്ടിയത്. നേരത്തെ കുട്ടിയെ പരിശോധിച്ച മെഡിക്കൽ ബോർഡിൽ മാനസികാരോഗ്യ വിദഗ്ദ്ധൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.ഗർഭഛിദ്രം നടത്തിയാൽ ആരോഗ്യ പ്രശ്നമുണ്ടായേക്കാമെന്നും, ഭ്രൂണത്തിന് തകരാറില്ലാത്തതിനാൽ ഗർഭഛിദ്രം ശുപാർശ ചെയ്യാനാകില്ലെന്നുമായിരുന്നു റിപ്പോർട്ട്.
അപ്പീൽ എത്തിയപ്പോൾ ഡിവിഷൻ ബെഞ്ച് നിർദ്ദേശപ്രകാരം മാനസികാരോഗ്യ വിദഗ്ദ്ധനടക്കം വീണ്ടും കുട്ടിയെ പരിശോധിച്ചു. ഗർഭവുമായി മുന്നോട്ടുപോകാനുള്ള മാനസികശേഷി പെൺകുട്ടിക്കില്ലെന്ന് വിലയിരുത്തി. തുടർന്നാണു ഗർഭഛിദ്രത്തിന് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.
കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുകയാണെങ്കിൽ, പെൺകുട്ടിയും മാതാപിതാക്കളും ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ സംസ്ഥാനവും ബന്ധപ്പെട്ട ഏജൻസികളും കുഞ്ഞിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.