നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി നൽകിയ ജാമ്യ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഇക്കാര്യം ആരാഞ്ഞത്. ഹർജി വീണ്ടും പരിഗണിക്കാൻ ഫെബ്രുവരി 13ന് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതായി പൾസർ സുനിയുടെ ജാമ്യ ഹർജിയിൽ പറയുന്നു. ഇതിന് പുറമേ, വിചാരണ നടപടി പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയം അവസാനിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
കേസിന്റെ രണ്ടാം ഘട്ട വിചാരണ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരം ഉടൻ നടക്കും. കേസില്‍ നേരത്തെ 220 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിന്റെ വിസ്താരം ബാക്കി നില്‍ക്കെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. തുടരന്വേഷണത്തിൽ ദിലീപിനെ കൂടാതെ സുഹൃത്ത് ശരത്തിനെയും പ്രതി ചേർത്തിരുന്നു. ഇരുവരും ഒരുമിച്ച് വിചാരണ നേരിട്ടാൽ മതിയെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചിരുന്നു.