KERALA

പോക്സോ കേസ്: രഹന ഫാത്തിമയ്ക്കെതിരെയുള്ള നടപടികൾ റദ്ദാക്കി ഹൈക്കോടതി

നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹന ഫാത്തിമയ്ക്കെതിരെ കേസ്

നിയമകാര്യ ലേഖിക

പോക്‌സോ കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് എതിരെയുള്ള തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തത്. പോക്സോ, ഐടി ആക്ട് പ്രകാരമായിരുന്നു രഹനയ്ക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യത്തിലിറങ്ങുകയായിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പോക്സോ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. ഇതിനെ തുടർന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. രഹന നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.

'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹന ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ലാപ്ടോപ്പ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയിന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ ബ്രഷ്, മൊബൈൽ ഫോൺ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തിരുന്നു.

മുന്‍പും സമാനമായ പല വിവാദങ്ങളിലും രഹന ഫാത്തിമ ഉൾപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം, യൂ ട്യൂബ് ചാനലിൽ ബീഫ് ഫ്രൈ തയ്യാറാക്കിയപ്പോൾ 'ഗോമാതാ ഫ്രൈ' എന്ന പരാമർശം തുടങ്ങിയ വിവാദങ്ങളിൽ രഹന ഫാത്തിമയ്ക്കെതിരെ പോലീസ് കേസും എടുത്തിരുന്നു

ബീഫ് ഫ്രൈ തയ്യാറാക്കുന്ന സമയത്ത് ഗോമാതാ ഫ്രൈ എന്ന് പരാമർശിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു രഹനയ്ക്കെതിരെ വന്ന പരാതി. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ഉദ്ദേശിച്ച് പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രനാണ് പരാതി നല്‍കിയത്. യൂട്യൂബ് ചാനലില്‍ പാചക വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് പറഞ്ഞ സംഭവത്തില്‍ ഐപിസി 153, 295 എ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. പരമാര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു.

ഈ കേസിനെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും അഭിപ്രായം പറയുന്നതിന് ഹൈക്കോടതി രഹനയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കേസ് വന്നതിന് പിന്നാലെ രഹനയ്ക്ക് ബിഎസ്എന്‍എല്ലിലെ ജോലിയും നഷ്ടപ്പെട്ടു. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരിയെന്ന് തെളിഞ്ഞതിനെ തുടർന്ന് രഹനയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ശബരിമല ദർശനത്തിനെത്തിയ രഹനയ്‌ക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. ശബരിമലയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് തന്നെ മത വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കേസില്‍ രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല വിവാദത്തിന്റെ തുടക്കത്തില്‍ കറുപ്പുടുത്തുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു അറസ്റ്റിന് കാരണമായത്. ബിജെപി നേതാവായ ബി രാധാകൃഷ്ണ മേനോന്‍ ആയിരുന്നു അന്ന് പരാതിക്കാരന്‍.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം