KERALA

'വിജിലന്‍സ് അന്വേഷണം വേണ്ട'; മാസപ്പടിയില്‍ നിലപാട് മാറ്റി കുഴല്‍നാടന്‍, ഒന്നില്‍ ഉറച്ചുനില്‍ക്കൂ എന്ന് കോടതി

ഈ മാസം പന്ത്രണ്ടിന് കേസില്‍ കോടതി വിധി പറയും

വെബ് ഡെസ്ക്

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതിന് പകരം, കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് പുതിയ ആവശ്യം. മാത്യു നിലപാട് മാറ്റിയതിന് പിന്നാലെ, ഹര്‍ജിയില്‍ വിധി പറയുന്നത് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി മാറ്റി. ഈ മാസം പന്ത്രണ്ടിന് കേസില്‍ കോടതി വിധി പറയും.

മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാല്‍ വിമര്‍ശിച്ചു. ഒന്നില്‍ ഉറച്ചുനില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് പറഞ്ഞു. നിലപാട് മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് വിധി പറയാനായി ഈ മാസം പന്ത്രണ്ടിലേക്ക് കേസ് മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍. പിണറായിക്കും മകള്‍ക്കും പുറമെ സിഎംആര്‍എല്‍ ഉടമ എസ് എന്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, കെഎംഎംഎല്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് എതിര്‍കക്ഷികള്‍.

ആറാട്ടുപുഴയില്‍ ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004-ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എലുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഇതിനിടെ, 2018-ലെ വെളളപ്പൊക്കത്തിന്റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്പില്‍ വേയുടെ അഴിമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎംഎല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ