ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് വേണ്ടെന്ന് ഹൈക്കോടതി. സ്വകാര്യ കമ്പനിയുടെ വെബ്സൈറ്റിലെ പരസ്യം പിൻവലിക്കാനും ഹൈക്കോടതി നിർദേശിച്ചു. 45,000 രുപയ്ക്ക് ഹെലികോപ്റ്റർ സർവീസുള്‍പ്പെടെ ശബരിമല ദര്‍ശനം ഉണ്ടാകുമെന്നായിരുന്നു ഹെലികേരള കമ്പനിപരസ്യം നൽകിയിരുന്നത്.
ശബരിമല ദർശനത്തിന് ഹെലികോപ്ടർ സർവീസ് നടത്തുന്നില്ലെന്ന് ഭക്തരെ അറിയിക്കണമെന്ന് കോടതി
കമ്പനിക്കെതിരെയും ദേവസ്വം ബോർഡിനെതിരെയും ശക്തമായ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വിഐപി ദർശനം വാഗ്ദാനം ചെയ്യാൻ എന്ത് അധികാരമാണ് കമ്പനിയ്ക്കുളളതെന്നാണ് കോടതിയുടെ ചോദ്യം. ശബരിമല ദർശനത്തിന് ഹെലികോപ്ടർ സർവീസ് നടത്തുന്നില്ലെന്ന് ഭക്തരെ അറിയിക്കണമെന്ന് പറഞ്ഞ കോടതി സംഭവം അറിഞ്ഞതിനു ശേഷം നടപടി എടുത്തിരുന്നില്ലേ എന്നും ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു.
ശബരിമല ഉൾപ്പെടുന്ന പ്രദേശം പ്രത്യേക സുരക്ഷാ മേഖലയാണെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി വിഷയത്തിൽ നിലപാട് കൈക്കൊണ്ടത്.
ആരാണ് ഇത്തരത്തിൽ പരസ്യം ചെയ്യാൻ അനുവാദം നൽകിയതെന്ന് ഹെലി കേരള കമ്പനിയോട് കോടതി ചോദിച്ചു. കൂടാതെ, കമ്പനിക്കെതിരെ എന്ത് നടപടിയാണ് ദേവസ്വം ബോർഡ് എടുത്തതെന്നും കോടതി ചോദിച്ചു. ശബരിമല ഉൾപ്പെടുന്ന പ്രദേശം പ്രത്യേക സുരക്ഷാ മേഖലയാണെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി വിഷയത്തിൽ നിലപാട് കൈക്കൊണ്ടത്. ഹെലികോപ്ടർ പോലുളള സർവീസ് നടത്തുന്നത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അനധികൃത വാഹനങ്ങൾ പോലും കടത്തിവിടാതിരിക്കാൻ കോടതി ഉത്തരവ് നിലവിലുണ്ടെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് നടത്തുന്ന വിഷയത്തില്‍ സ്വമേധയാ ഹൈക്കോടതി കേസെടുത്തത്. ഹെലികോപ്റ്റര്‍ കമ്പനിയുടെ വെബ്സൈറ്റിലെ പരസ്യം ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവയുടെ വിശദീകരണം കോടതി തേടിയിരുന്നു.
സംഭവത്തിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസിൽ കക്ഷി ചേർത്തു. ഗുരുതരമായ വിഷയമാണെന്നായിരുന്നു കേന്ദ്ര സർക്കാർ ഉന്നയിച്ചത്. സംരക്ഷിത വന മേഖല ഉൾപ്പെടുന്നതായതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ട വിഷയമാണിതെന്നും കേന്ദ്രം പറഞ്ഞു. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ഹെലികോപ്റ്റര്‍ സർവീസ് നടത്തുന്നതെന്നാണ് സർക്കാരും ദേവസ്വം ബോർഡും അറിയിച്ചിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് ഒരാള്‍ക്ക് 45,000 രൂപക്ക് ഹെലികോപ്റ്റർ സർവീസ് എന്ന് അറിയിച്ചു കൊണ്ടാണ് ‘ഹെലി കേരള’ വെബ്സൈറ്റിൽ പരസ്യം നല്‍കിയിരുന്നത്.