എൻറോൾ ചെയ്യുന്ന അഭിഭാഷകരിൽ നിന്ന് 750 രൂപ മാത്രമേ ഫീസായി ഈടാക്കാവൂവെന്ന് കേരള ബാർ കൗൺസിലിന് ഹൈക്കോടതി നിർദേശം . സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബാർ കൗൺസിൽ നൽകിയ അപ്പീൽ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
എൻറോൾമെന്റ് ഫീസായി ഉയർന്ന തുക ചുമത്താൻ തീരുമാനിച്ചതിനെതിരെ ചില യുവ അഭിഭാഷകർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്
എൻറോൾമെന്റ് ഫീസായി ഉയർന്ന തുക ചുമത്താൻ തീരുമാനിച്ചതിനെതിരെ ചില യുവ അഭിഭാഷകർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. സിംഗിൾ ബെഞ്ചിനെ സമീപിച്ച ഹർജിക്കാരുടെ കാര്യത്തിൽ എൻറോൾമെന്റിന് 750 രൂപയേ ഈടാക്കുവെന്ന് ബാർ കൗൺസിൽ അറിയിച്ചെങ്കിലും എല്ലാവരുടേയും കാര്യത്തിൽ ഈ ഫീസ് തന്നെയാണ് ബാധകമാകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ശരിയായ വിലയിരുത്തലില്ലാത്തതാണ് വിധിയെന്നായിരുന്നു അപ്പീലിൽ ബാർ കൗൺസിലിന്റെ വാദം. അഭിഭാഷകരുടെ എൻറോൾമെന്റിന് പൊതുവായ ഫീസ് ഘടന നിശ്ചയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.