ശബരിമലയിലെ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ നിർദേശവുമായി ഹൈക്കോടതി. ശരംകുത്തിയിലെ ക്യൂ കോംപ്ലക്‌സില്‍ അടിയന്തര സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും പത്തനംതിട്ട ജില്ലാ ഭരണകൂടത്തോടും ജില്ലാ പോലീസ് മേധാവിയോടും ഹൈക്കോടതി നിര്‍ദേശിച്ചു. വൃദ്ധര്‍ക്കും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും നടപ്പന്തല്‍ മുതല്‍ സന്നിധാനം വരെ പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
കുട്ടികള്‍ കൂടെയുള്ളവര്‍ക്ക് ദര്‍ശനം പൂര്‍ത്തിയാക്കുന്നതുവരെ കാത്തുനില്‍ക്കാന്‍ പ്രത്യേക സ്ഥലം നിശ്ചയിക്കണം. ഇക്കാര്യം ഭക്തരെ അറിയിക്കാന്‍ അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തണം. കാത്തിരിപ്പു കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറും കിട്ടുന്നുണ്ടെന്ന് ബോര്‍ഡ് ഉറപ്പു വരുത്തണം. ഭക്തര്‍ ഉപയോഗിക്കുന്ന ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കാന്‍ ശബരിമല വികസന പ്രൊജക്ടിലെ പരിസ്ഥിതി വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കൃത്യമായ ഇടവേളകളില്‍ ശുചിമുറികളുടെ അറ്റകുറ്റ പണികള്‍ നടത്താനും ഒന്നിടവിട്ട ദിവനങ്ങളില്‍ ഇക്കാര്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ശരംകുത്തിയിലെ ക്യു കോംപ്ലക്‌സില്‍ ഒരേ സമയം 4000 ഭക്തര്‍ക്ക് സൗകര്യമൊരുക്കുമെന്നും ക്യൂ കോംപ്ലക്‌സില്‍ ആറ് ക്യൂ ഏര്‍പ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു
ശരംകുത്തിയിലെ ക്യു കോംപ്ലക്‌സില്‍ ഒരേ സമയം 4000 ഭക്തര്‍ക്ക് സൗകര്യമൊരുക്കുമെന്നും ക്യൂ കോംപ്ലക്‌സില്‍ ആറ് ക്യൂ ഏര്‍പ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭക്തരുടെ സൗകര്യാര്‍ഥവും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ക്യൂ കോംപ്ലക്‌സില്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും കോടതി നിര്‍ദേശം നല്‍കി. നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസില്‍ അമിതമായ യാത്രക്കാരെ കയറ്റുന്നില്ലെന്നും ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്നും ഉറപ്പു വരുത്താന്‍ പോലീസിനും വാഹനവകുപ്പിനും കോടതി നിര്‍ദേശം നല്‍കി.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് നിരപ്പാക്കി പതിനായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാക്കും. മണ്ഡല വിളക്ക് മഹോത്സവ കാലത്തെ തിരക്ക് പരിഗണിച്ച് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഇക്കാര്യത്തില്‍ വിധി പറയും. സ്‌പെഷല്‍ പോലീസ് ഓഫീസറും ചീഫ് കോഡിനേറ്റിംഗ് ഓഫീസറും നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെയും പതിനെട്ടാംപടിയിലേയും തീര്‍ഥാടക പ്രവാഹം സുഗമമായി നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണം. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ എല്ലാവരും പാലിക്കണമെന്നും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.