KERALA

എ രാജയ്ക്ക് തിരിച്ചടി; അയോഗ്യനാക്കിയ വിധിയിലെ സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർനടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് ഹൈക്കോടതി തളളിയത്

നിയമകാര്യ ലേഖിക

അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർനടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്ന ദേവികുളം മുൻ എംഎൽഎ എ രാജയുടെ ഹർജി ഹൈക്കോടതി തളളി. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഇത് ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.

സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസം സ്റ്റേ അനുവദിക്കണം എന്നാവശ്യപ്പെട്ട് എ രാജ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റിസ് പി സോമരാജൻ നേരത്തെ പത്ത് ദിവസം അനുവദിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ക്രിസ്തുമതത്തിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ പട്ടികജാതി സംവരണ സീറ്റിൽ മൽസരിക്കാൻ യോഗ്യനല്ലെന്ന് വിലയിരുത്തിയാണ്‌ എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ ഉത്തരവിന് സ്റ്റേ അനുവദിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള കാലയളവിൽ സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. രാജയുടെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളുമെല്ലാം ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്. 2016 ൽ അമ്മയുടെ ശവസംസ്‌കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് മത്സരിച്ചതെന്നാണ് ആരോപണം.

താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് എ രാജ സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ചത്. എന്നാൽ രാജ വളരെ മുമ്പു തന്നെ ക്രിസ്‌തുമതത്തിലേക്ക് മാറിയതാണെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തി ജനപ്രാതിനിധ്യ നിയമപ്രകാരം ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയായിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം