എയ്ഡഡ് സ്കൂളുകളിൽ ഇനി വരുന്ന ഒഴിവുകളിൽ ഭിന്നശേഷി സംവരണം നികത്തിയ ശേഷം മറ്റ് വിഭാഗത്തിലെ നിയമത്തിന് അംഗീകാരം നൽകുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സംവരണം നൽകാതെ 2018 നവംബർ 18ന് ശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അധ്യാപകരും സ്കൂൾ മാനേജർമാരും നൽകിയ അപ്പീലുകളിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല. പുതുതായി 4,700 ഒഴിവുകൾ വരുന്നുണ്ടെന്നും ഒഴിവുകൾ നികത്താൻ വേണ്ടത്ര യോഗ്യതയുള്ളവർ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ചാണ് വിധി സ്റ്റേ ചെയ്യാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഇടപെടാതിരുന്നത്. സംവരണ ഒഴിവുകൾ നികത്തിയ ശേഷം മറ്റ് നിയമനങ്ങളുടെ അംഗീകാരം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ നടപടികൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ മൂന്ന് ശതമാനവും 2017ന് ശേഷമുള്ള ഒഴിവുകളിൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കി വെക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്
2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ മൂന്ന് ശതമാനവും 2017ന് ശേഷമുള്ള ഒഴിവുകളിൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കി വെക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18ന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമനം നൽകണമെന്നും ഇതിന് ശേഷം മാത്രമെ 2018 നവംബർ 18ന് ശേഷമുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാനാകൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2021 നവംബർ എട്ടിന് ശേഷമുള്ള ഒഴിവുകളിൽ ബാധകമാക്കിയാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് 2021 ൽ നിർദേശിച്ചതും 2021 ജൂലൈ 15ന് ശേഷം മാനേജർമാർ നടത്തിയ നിയമനങ്ങൾക്ക് 2021 സെപ്‌റ്റംബർ 24നകം അംഗീകാരം നൽകണമെന്ന് 2021 സെപ്റ്റംബറിൽ പുറപ്പെടുവിച്ച ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു അപ്പീല്‍ സമർപ്പിച്ചത്.