വനത്തോട് ചേർന്നുളള ജനവാസമേഖലയിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ അഞ്ചംഗ വിദഗ്ദ്ധ സമിതിയ്ക്ക് ഹൈക്കോടതി രൂപം നൽകി. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ അഡ്വ. എസ് രമേഷ് ബാബുവാണ് സമിതി കൺവീനർ.
ഫോറസ്റ്റ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്) ജി പ്രമോദ്, മുൻ അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒ പി കലേർ, നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെ ഡോ. എം അനന്തകുമാർ, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പിഎസ് ഈസ എന്നിവരാണ് സമിതിയംഗങ്ങൾ.
അരിക്കൊമ്പൻ എന്ന ആനയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജികളുടെ തുടർച്ചയായാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ വിഷയം പരിഗണിക്കുന്നത്. സമിതിയുടെ റിപ്പോർട്ടുകൾ ഹൈക്കോടതി സർക്കാരിന് കൈമാറും. സർക്കാരിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സമിതിയിലെ സർക്കാർ ഉദ്യോഗസ്ഥരല്ലാത്തവരുടെ ഓണറേറിയം വനംവകുപ്പ് നിശ്ചയിക്കണം.
പ്രശ്ന സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തണം. പ്രശ്ന പരിഹാരത്തിനായി ദീർഘകാല - ഹ്രസ്വകാല പരിഹാര നടപടികൾ കണ്ടെത്തണം. ആനത്താരകൾ വീണ്ടെടുക്കാനുള്ള നടപടികൾ നിർദ്ദേശിക്കണം. പഞ്ചായത്തുകളിലെ ടാസ്‌ക് ഫോഴ്‌സുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണം. ടാസ്‌ക് ഫോഴ്‌സുകളുടെ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകണമെന്നുമാണ് നിർദേശം. തിരുവനന്തപുരം കാട്ടാക്കട കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ പരിചരണമില്ലാതെ നരകിക്കുന്ന മനു എന്ന ആനയ്ക്ക് അടിയന്തരമായി വിദഗ്ദ്ധ വൈദ്യസഹായം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.