പോക്സോ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് ഹൈക്കോടതി. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ പോക്സോ കേസുകളിൽ കോടതികൾ വസ്തുതയും സാഹചര്യവും വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി വടക്കാഞ്ചേരി, പറവൂർ സ്വദേശികൾ സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്.
ലൈംഗികാതിക്രമം സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നതിൽ സംശയമില്ല. ഇത് ഇരകളിൽ ജീവിതം മുഴുവൻ അപമാനവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. അതുകൊണ്ട് തന്നെ പോക്സോ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ നിരപരാധികൾക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടാകാറുണ്ട്. കുട്ടികളുടെ കസ്റ്റഡി വിട്ടുകിട്ടലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പോക്സോ കള്ളക്കേസുകൾ ഏറിവരുന്നുണ്ട്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളും നിലവിലുണ്ട്. നിരപരാധികളെ അറസ്റ്റ് ചെയ്യാൻ നിയമത്തിൽ പറയുന്നില്ല.
അറസ്റ്റ് വിലക്കുന്ന വ്യവസ്ഥ കർശനമായി പാലിച്ചാൽ നിരപരാധികൾ അകത്താവുന്ന സ്ഥിതിയുണ്ടാവും. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് നിരപരാധികളെ സംരക്ഷിക്കലും. ഭരണഘടന ഉറപ്പു നൽകുന്ന അവകാശം സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടന്നും കോടതി വ്യക്തമാക്കി. ഹർജികളിലൊന്നിൽ പ്രതിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നും അറസ്റ്റ് ഉണ്ടാവില്ലെന്നും സർക്കാർ അറിയിച്ചു. തുടർന്ന് ഇതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. രണ്ടാമത്തെ വ്യക്തിയുടെ ഹർജിയിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല.