ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്ക് വിധേയനാകാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവില്‍ കഴിയുന്ന ഭര്‍ത്താവിന് ചികിത്സയ്ക്ക് വിധേയനാകാന്‍ പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്.
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ഒരു കുട്ടി വേണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്. സാങ്കേതിക കാരണങ്ങളാല്‍ ഇത്തരം അപേക്ഷകള്‍ക്ക് നേരെ കോടതിക്ക് കണ്ണടക്കാനാവില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് അനുമതി നല്‍കിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന കുറ്റവാളിയെ സമൂഹത്തിന്റെ ഭാഗമാക്കാനാണ് ഭരണകൂടവും സമൂഹവും ആഗ്രഹിക്കേണ്ടത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ പുറത്തിറങ്ങുമ്പോള്‍ അകറ്റി നിര്‍ത്തപ്പെടരുത്. മറ്റേതൊരു പൗരനെയും പോലെ മാന്യമായ ജീവിതം നയിക്കാന്‍ എല്ലാ അവകാശവും ഇയാള്‍ക്കുണ്ട്.
ഒരു കുട്ടിയുണ്ടാകുകയെന്നത് സ്വപ്നമായിരുന്നെന്നും വിവിധ ചികിത്സകള്‍ തേടിയിരുന്നെങ്കിലും ഇതുവരെ ഒന്നും ഫലവത്തായില്ലെന്നുമാണ് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചത്. മൂന്ന് മാസത്തേക്ക് തന്റെ ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് കാണിച്ച് ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നുള്ള ഒരു കത്തും ഭാര്യ ഹാജരാക്കി.
2010ലെ കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്മെന്റ്) നിയമത്തിലെ സെക്ഷന്‍ 73 പ്രകാരം തന്റെ ഭര്‍ത്താവിന് മൂന്ന് മാസത്തേക്ക് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികളുടെ സന്താനോല്പാദനത്തിനുള്ള അവകാശം അവരുടെ മൗലികാവകാശമാണെന്നും ഹര്‍ജിയില്‍ വാദമുന്നയിച്ചിരുന്നു.
തുടര്‍ന്നാണ് പ്രതിക്ക് ഐവിഎഫ്/ഐസിഎസ്‌ഐ ചികിത്സയ്ക്ക് രണ്ടാഴ്ചത്തേക്ക് പരോള്‍ നല്‍കാന്‍ പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് എല്ലാ കേസുകളിലും ബാധകമല്ലെന്നും ഓരോ കേസും അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി.