വിമാനത്തിൽ വച്ചുണ്ടായ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ഹർജിയിൽ നടൻ വിനായകന് ഹൈക്കോടതി നോട്ടീസ്. വിമാനത്തില്‍ വച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതിയില്‍, വിമാന കമ്പനി നടപടി എടുക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി .
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഇന്‍ഡിഗോ എയലൈന്‍സ് തുടങ്ങിയവരെ എതിര്‍കക്ഷിയാക്കി നല്‍കിയ ഹര്‍ജിയില്‍ വിനായകനേയും കക്ഷി ചേര്‍ക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചിരുന്നു. അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ മോശമായി പൊരുമാറിയെന്നാണ് ഹര്‍ജിക്കാരന്റെ പരാതി. പഞ്ചാബില്‍ സ്‌കൂള്‍ മാനേജരായ മലയാളി പുരോഹിതന്‍ ജിബി ജയിംസാണ് ഹര്‍ജി നല്‍കിയത്. പരാതിനല്‍കിയിട്ടും വിമാനക്കമ്പനിയും വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജിബി ജയിംസ് ഹൈക്കോടതിയെ സമീപിച്ചത്.
മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ കയറുന്നതിനിടെ വിനായകന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പരാതിപ്പെട്ടാല്‍ നടപടി സ്വീകരിക്കാനാകില്ലെന്നാണ് വിമാനക്കമ്പനി ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട്. വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിച്ചിരുന്നില്ല. നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈൻസിന് നിര്‍ദേശം നല്‍കണെമന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.