KERALA

നടിയെ ആക്രമിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ ചോർന്ന സംഭവം; സർക്കാരിന്റെ ഉപഹർജി തീർപ്പാക്കി ഹൈക്കോടതി

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകൾ ചോർന്നതിന് പിന്നാലെ സർക്കാർ സമർപ്പിച്ച ഉപഹർജി തീർപ്പാക്കി ഹൈക്കോടതി. കീഴ്‌കോടതികളിൽ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ മാർഗരേഖകൾ സർക്കുലർ ആയി ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി.

മാർഗനിർദ്ദേശങ്ങൾ പല കീഴ്‌കോടതികളിലും എത്തിയിട്ടില്ലെന്നും ഇതിനാൽ ഹൈക്കോടതി സർക്കുലർ ഇറക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സെഷൻസ്, മജിസ്ട്രേറ്റ് കോടതികൾക്ക് സർക്കുലർ ബാധകമാക്കണമെന്നും ഉപഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷയത്തിൽ കോടതി രജിസ്ട്രാറുടെ വിശദീകരണം തേടി. ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലായിരുന്നു സർക്കാരിന്റെ ഉപഹർജി.

ഇന്ന് കേസ് പരിഗണിച്ച കോടതിയിൽ ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാർ, പൊലീസ് മേധാവി എന്നിവർക്ക് കൈമാറിയതായി രജിസ്ട്രാർ അറിയിച്ചു. വിഷയത്തിൽ സ്വമേധയാ ഇടപെടുന്നുണ്ടെന്ന് സിംഗിൾ ബെഞ്ചും വ്യക്തമാക്കി.

ഇതുകുടാതെ സംസ്ഥാന പോലീസ് മേധാവിയും വിഷയം സംബന്ധിച്ച് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഉപഹർജി ഹൈക്കോടതി തീർപ്പാക്കിയത്. മാർഗനിർദേശങ്ങൾ നടപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയതായി സർക്കാരും അറിയിച്ചു

അതേസമയം ഡിജിറ്റൽ തെളിവുകൾ ചോർന്നതുമായി ബന്ധപ്പെട്ട് നടി നൽകിയ ഹർജി നാളെ ഹൈക്കോടതിയുടെ റഗുലർ ബെഞ്ച് പരിഗണിക്കും. നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2018 ജനുവരി ഒൻപതിന് രാത്രി 9.58നാണ് മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ 2018 ഡിസംബർ 13നാണ് മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ധീൻ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ശിരസ്തദാറിന്റേതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശിരസ്തദാർ താജുദ്ദീൻ തന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വർഗീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

വിചാരണ കോടതിയിലെ ശിരസ്തദാർ താജുദീൻ വിവോ ഫോണിലിട്ടാണ് പരിശോധിച്ചത്. എന്നാൽ 2022ൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ഈ ഫോൺ നഷ്ടപ്പെട്ടുവെന്ന് പറയുന്നു. എന്നാൽ, ഫോൺ നഷ്ടപ്പെട്ടതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയോ സിം ഡീആക്ടിവേറ്റ് ചെയ്യാൻ സർവീസ് പ്രൊവൈഡറെയൊ താജുദ്ദീൻ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും