ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ സർക്കാരിനോട് ഹൈക്കോടതി. പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലയയ്ക്കുക. വിദഗ്ധരെ ഉൾപ്പെടുത്തി കമ്മറ്റിയെ നിയോഗിക്കണം. കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് നൽകണം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സർവ സന്നാഹവും മേഖലയിൽ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂന്ന് നാല് ദിവസം കൂടി തുടരട്ടേയെന്ന് കോടതി പറഞ്ഞു.
കേസ് പരിഗണിക്കവെ, ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. ഇന്ന് അരിക്കൊമ്പനെങ്കിൽ നാളെ മറ്റൊരു കൊമ്പനെത്തുമെന്നും ശ്വാശത പരിഹാരം വേണമെന്നും കോടതി പറഞ്ഞു. ആനയുടെ സഞ്ചാര പാതയിലും ആവാസ മേഖലയിലും എന്തിനാണ് സർക്കാർ മനുഷ്യനെ പാർപ്പിച്ചത്. റീസെറ്റിൽമെന്റ് നടത്തുന്പോൾ ഇത് ആനകളുടെ ആവാസമേഖലയെന്ന് അറിയാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്തുകാര്യം, പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.
ആനയുടെ സഞ്ചാര പാതയിലും ആവാസ മേഖലയിലും എന്തിനാണ് സർക്കാർ മനുഷ്യനെ പാർപ്പിച്ചതെന്ന് കോടതി
പിടികൂടുകയല്ലാതെ മനുഷ്യസാധ്യമായി മറ്റൊന്നില്ല, വെടിവെച്ച് ഓടിക്കാൻ നോക്കിയാലും അരിക്കൊന്പന് ശബ്ദത്തപോലും പേടിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ജനവാസ മേഖലയിലിറങ്ങുന്ന അരിക്കൊമ്പന്‍ ഏഴുപേരെ കൊന്നിട്ടുണ്ടെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. മൂന്നുപേരുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി. തീരാ തലവേദനയാണ് അരിക്കൊമ്പന്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
മനുഷ്യവാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയേ തീരൂവെന്ന നിലപാടിലാണ് വനം വകുപ്പ്
മനുഷ്യവാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയേ തീരൂവെന്ന നിലപാടിലാണ് വനം വകുപ്പ്. മൂന്നുമാസത്തിനുളളില്‍ അരിക്കൊമ്പന്‍ മൂന്ന് റേഷന്‍ കടകള്‍ തകര്‍ത്തു. 22 വീടുകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രദേശവാസികളില്‍ നിന്നുയരുന്ന പ്രതിഷേധത്തെ കുറിച്ചും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. 2005 മുതല്‍ 34 പേരാണ് കാട്ടാന ആക്രമണത്തില്‍ ചിന്നക്കനാലില്‍ കൊല്ലപ്പെട്ടതെന്നും വനംവകുപ്പ് വിശദീകരിച്ചു.
അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ തയ്യാറെടുപ്പും വനംവകുപ്പ് സ്വീകരിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപ്പെട്ട് മാര്‍ച്ച് 29 വരെ വിലക്കി. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ആനയെ മയക്കുവെടിവച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള തീരുമാനം ചോദ്യം ചെയ്ത് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പീപ്പിള്‍ ഫോര്‍ ആനിമല്‍സ്, തൃശ്ശൂര്‍ വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ ആഡ്വകസി എന്നീ സംഘടനകളാണ് ഹർജി നല്‍കിയത്.